കൊല്ലം: ജില്ലയില്‍ ഉത്സവങ്ങളോടനുബന്ധിച്ച് ആനയെ എഴുന്നള്ളിക്കുന്നത് നാട്ടാനപരിപാലന നിയമപ്രകാരമാകണമെന്ന് എഡിഎം ജി നിര്‍മല്‍ കുമാര്‍. നിര്‍ബന്ധമായി പാലിക്കേണ്ട നിബന്ധനകള്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിശദീകരിച്ചു.
എഴുന്നള്ളത്തിന് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം ഉറപ്പാക്കണം. 30 കിലോമീറ്ററില്‍കൂടുതല്‍ നടത്താന്‍ പാടില്ല. വിശ്രമം നല്‍കി ശരീരം തണുപ്പിക്കണം. രാവിലെ ആറ് മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ എട്ട് വരെയും എഴുന്നള്ളിക്കാം. 15 എണ്ണത്തിലധികമെങ്കില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം. ആനയുടെ അടുത്ത് പോപ്പറുകള്‍, പടക്കം, കുതിര തുടങ്ങിയവ പാടില്ല.
പാപ്പാന്മാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അഞ്ചില്‍ കൂടുതല്‍ ആനകളുണ്ടെങ്കില്‍ കുറഞ്ഞത് 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് വേണം. റിഫ്ളക്ടര്‍ ഘടിപ്പിക്കണം. ഒരു ആനയ്ക്ക് മൂന്നു പാപ്പാന്മാര്‍ നിര്‍ബന്ധം. ഇടച്ചങ്ങല ഉണ്ടാകണം. ആഹാരം വെള്ളം തുടങ്ങിയവ ക്ഷേത്രഭാരവാഹികള്‍ ഉറപ്പാക്കണം. ഉത്സവകാലത്ത് എല്ലാ മാസവും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൂടണം. അഞ്ചോ കൂടുതലോ ആനകളുണ്ടെങ്കില്‍ മൃഗഡോക്ടറുടെ സേവനം ഉത്സവകമ്മിറ്റി ഉറപ്പുവരുത്തണമെന്നും എ ഡി എം നിര്‍ദേശിച്ചു.
അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കോശി ജോണ്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡി ഉല്ലാസ്, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ സെക്രട്ടറി വി സജി, എലിഫന്റ് വര്‍ക്കേഴ്സ് പ്രതിനിധി ബിജു വര്‍ക്കല, ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അംഗം ചിത്ര അയ്യര്‍, പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബി ഓമനകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
































