പുതിയ തൊഴിലുറപ്പ് നിയമത്തിന് അംഗീകാരം
വികസിത് ഭാരത് ഗ്യാരണ്ടീ ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ബില്ലില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസാക്കിയത്. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. ഇതോടെ, യുപിഎ സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവില്‍വന്നു. പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടു. അതേസമയം, ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനാപരമായ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍.എസ്.എസിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കൊല്‍ക്കത്തയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മാതൃഭൂമിയായി കരുതുന്നവരും ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നവരും ഹിന്ദുസ്ഥാനിലെ പൂര്‍വ്വികരുടെ മഹിമയില്‍ വിശ്വസിക്കുന്നവരും ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസം ജന്മാവകാശമല്ലെന്ന് ജെപി നദ്ദ
മെഡിക്കല്‍ വിദ്യാഭ്യാസം ജന്മാവകാശമെന്ന് കരുതേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ഓരോ മെഡിക്കല്‍ സീറ്റിനും സര്‍ക്കാര്‍ പ്രതിവര്‍ഷം 30 മുതല്‍ 35 ലക്ഷം രൂപ വരെ ചെലവഴിക്കുന്നുണ്ട്. അതിനാല്‍ തന്നെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിദേശത്തേക്ക് പോകാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ രാജ്യത്ത് സൗകര്യങ്ങളില്ലെന്ന് പരാതിപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ യാത്രാനിരക്കുകളില്‍ പുതിയ പരിഷ്കാരങ്ങള്‍ ഡിസംബര്‍ 26 മുതല്‍
ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്കുകളില്‍ വരുത്തിയ പുതിയ പരിഷ്കാരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിരക്ക് മാറ്റത്തിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം, ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതം അധികം നല്‍കണം. മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ നോണ്‍-എസി, എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, 215 കിലോമീറ്ററില്‍ താഴെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകില്ല.
ക്രിമിനല്‍ കേസുകളില്‍ ജാമ്യത്തിന് പുതിയ നിര്‍ദേശവുമായി സുപ്രീം കോടതി
ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതികള്‍ക്ക് പുതിയ നിര്‍ദ്ദേശം മുന്നോട്ടു വച്ച് സുപ്രീം കോടതി. ക്രിമിനല്‍ പശ്ചാത്തലവും കുറ്റത്തിന്റെ തീവ്രതയും പരിഗണിച്ചുവേണം ഹൈക്കോടതികള്‍ ജാമ്യം നല്‍കേണ്ടത് എന്ന് സുപ്രീംകോടതി വ്യക്തമാക്കി. പറ്റ്ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിര്‍ദേശം.
മലപ്പുറം പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ ആക്രമണം; ഹര്‍ത്താല്‍
മലപ്പുറം പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് പെരിന്തല്‍മണ്ണയില്‍ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തര്‍ നടത്തിയ പ്രകടനത്തിനിടെയാണ് മുസ്ലിം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്.
വീണ്ടും ലോക കേരള സഭ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
വീണ്ടും ലോക കേരള സഭ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് 30, 31 തീയതികളില്‍ നിയമസഭാ മന്ദിരത്തില്‍ ലോക കേരള സഭ സമ്മേളനം നടത്തും. പത്തുകോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോക കേരള സഭ ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
‘ക്ലൂ’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങാനൊരുങ്ങുന്നു
യാത്ര ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍ ഹൈക്കോടതി റദ്ദാക്കി
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോര്‍ട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കി. വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കര്‍ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു.
‘സ്ത്രീ സുരക്ഷാ പദ്ധതി’ അപേക്ഷകള്‍ ഡിസംബര്‍ 22 മുതല്‍
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകള്‍ ഡിസംബര്‍ 22 മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുതിയ ഭരണാധികാരികള്‍
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പത്തിനാണ് കോര്‍പ്പറേഷനുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ ആരംഭിച്ചത്. രാവിലെ 11.30നുശേഷമാണ് കോര്‍പ്പറേഷനുകളില്‍ സത്യപ്രതിജ്ഞ ആരംഭിച്ചത്.
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ പ്രഖ്യാപനം നീളുന്നു
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ പ്രഖ്യാപനം നീളുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് സാധ്യത കൂടുതല്‍ ഉണ്ടെങ്കിലും ടേം വ്യവസ്ഥയില്‍ കൂടുതല്‍ പേരെ പരിഗണിക്കണോ എന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണ് നേതൃത്വം. 76 അംഗ കൗണ്‍സില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ചുമതല ഏറ്റെടുത്തു. പദവിയും സീനിയോറിറ്റിയുമാണ് മാനദണ്ഡമെങ്കില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാകും മേയര്‍. എന്നാല്‍ ലത്തീന്‍ സമുദായ പരിഗണന എങ്കില്‍ മഹിളാ കോണ്‍ഗ്രസ് ഉപാധ്യക്ഷ അഡ്വ. വി കെ മിനിമോളാകും, സമുദായവും ഫോര്‍ട്ട് കൊച്ചി പരിഗണനയും എങ്കില്‍ ഷൈനി മാത്യു സ്ഥാനത്തെത്താനുള്ള സാധ്യതയാണുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തില്‍ ഇറങ്ങാന്‍ യുഡിഎഫ്
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തില്‍ ഇറങ്ങാന്‍ യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും. സീറ്റ് വിഭജനം യുഡിഎഫ് യോഗം ഇന്ന് ചേര്‍ന്ന് തീരുമാനിക്കും. മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും. ഉറപ്പായും ജയിക്കുന്ന സീറ്റുകള്‍, ശക്തമായി പ്രവര്‍ത്തിച്ചാല്‍ പിടിച്ചെടുക്കുന്ന സീറ്റുകള്‍, സാധ്യത കുറഞ്ഞ സീറ്റുകള്‍ എന്നിങ്ങനെ മണ്ഡലങ്ങളെ തരം തിരിക്കും.
കണ്ണൂരില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല
കണ്ണൂരില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. പയ്യന്നൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദ് തലശ്ശേരി നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ യു പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്. പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞു വധിക്കാന്‍ ശ്രമിച്ച കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശ്ശേരി കോടിയേരിയില്‍ സിപിഎം പ്രവര്‍ത്തകനായ പി രാജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് യു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.
എറണാകുളം കൂത്താട്ടുകുളത്ത് കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
എറണാകുളം കൂത്താട്ടുകുളം നഗരസഭയില്‍ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ യുഡിഎഫ് 16-ാം വാര്‍ഡ് കൗണ്‍സിലര്‍ ജോമി മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പാലാ നഗരസഭയില്‍ അധ്യക്ഷ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്ന് പുളിക്കകണ്ടം കുടുംബം
പാലാ നഗരസഭയില്‍ അധ്യക്ഷ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്ന് പുളിക്കകണ്ടം കുടുംബം. ദിയ ബിനു പുളിക്കണ്ടത്തെ നഗരസഭ അധ്യക്ഷ ആക്കണമെന്നാണ് പുളിക്കകണ്ടം കുടുംബം ആവശ്യപ്പെടുന്നത്. ഇന്നലെ പാലായില്‍ ചേര്‍ന്ന ജനസഭയിലാണ് പുളിക്കകണ്ടത്തെ കൗണ്‍സിലര്‍മാര്‍ ജനങ്ങളോട് നിലപാട് പ്രഖ്യാപിച്ചത്. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം എഴുതി വാങ്ങി. ആവശ്യം അംഗീകരിക്കുന്നവരെ പിന്തുണയ്ക്കാനാണ് ഏകദേശ ധാരണ. ജനസഭയില്‍ വെച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ആര്‍ ശ്രീലേഖ
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ആര്‍ ശ്രീലേഖ. സത്യപ്രതിജ്ഞക്ക് ശേഷം ‘വന്ദേ മാതരം’ പറഞ്ഞാണ് ആര്‍ ശ്രീലേഖ അവസാനിപ്പിച്ചത്. അതേസമയം, സത്യപ്രതിജ്ഞക്ക് പിന്നാലെ അണികള്‍ ഉച്ചത്തില്‍ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയര്‍ ആരെന്ന കാര്യത്തില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.
ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ വിജയിച്ച വൈഷ്ണ സുരേഷ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ വിജയിച്ച വൈഷ്ണ സുരേഷ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കോര്‍പറേഷനില്‍ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ മിന്നും ജയമായിരുന്നു വൈഷ്ണ സ്വന്തമാക്കിയത്.
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയത്.
നടന്‍ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകള്‍ നടന്നു
മലയാളത്തിന്റെ അതുല്യ കലാകാരന്‍ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകള്‍ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. എന്നും എല്ലാവര്‍ക്കും നന്‍മകള്‍ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്റെ ഭൗതിക ശരീരത്തില്‍ പ്രിയ സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാട് വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ശ്രീനിവാസനെ അവസാനമായി കാണാന്‍ സൂര്യ എത്തി
ശ്രീനിവാസനെ അവസാനമായി കാണാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ എറണാകുളം കണ്ടനാട്ടെ വീട്ടിലെത്തി. ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു താനെന്നും, സിനിമയില്‍ എത്തും മുമ്പേ തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും സൂര്യ പറഞ്ഞു.
ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകള്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം
നടന്‍ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകള്‍ ക്യാമറകളില്‍ പകര്‍ത്താനും സോഷ്യല്‍ മീഡിയയില്‍ തത്സമയം എത്തിക്കാനും മാധ്യമങ്ങളും പൊതുജനങ്ങളും മത്സരിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മാതാവും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍. ദുഃഖം എന്നത് വ്യക്തിപരമായ ഒന്നാണെന്നും പ്രിയപ്പെട്ട ഒരാള്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സുപ്രിയ തന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കിടയിലെ തിരക്കും മൊബൈല്‍ ഫോണ്‍ ഉപയോഗവും അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിയയുടെ പ്രതികരണം.
സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്; സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു
സംസ്ഥാനത്തെ വിദ്യാലയങ്ങളെ വര്‍ഗീയ പരീക്ഷണശാലകളാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചില സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും, ആഘോഷത്തിനായി കുട്ടികളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കുകയും ചെയ്തു എന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കേരളം പോലെ ഉയര്‍ന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിതെന്ന് മന്ത്രി പറഞ്ഞു.
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമക്കുള്ള വിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ വിമര്‍ശനം
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമക്കുള്ള വിലക്കിനെ ന്യായീകരിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരാണോ എന്ന റസൂല്‍ പൂക്കൂട്ടിയുടെ ചോദ്യമാണ് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നത്. അതേ സമയം വിലക്കിന് മുഖ്യമന്ത്രി തന്നെ വഴങ്ങിയതോടെ ചെയര്‍മാനെ എന്തിന് പഴിക്കുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി
ഗുരുവായൂര്‍ ശ്രീക്യഷ്ണ ക്ഷേത്രത്തിലെ 2025 ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി. ഡിസംബര്‍ 19-ന് വൈകീട്ടോടെ കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ 6,53,16,495 രൂപ വരുമാനമായി ലഭിച്ചതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. പണത്തിന് പുറമെ വലിയ അളവില്‍ സ്വര്‍ണ്ണവും വെള്ളിയും വഴിപാടായി ലഭിച്ചിട്ടുണ്ട്.
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് കേരള സദ്യ വിളമ്പി തുടങ്ങി
അന്നദാനത്തിന്റെ ഭാഗമായി ശബരിമല തീര്‍ഥാടകര്‍ക്ക് കേരള സദ്യ വിളമ്പി തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നീ വിഭവങ്ങളോടെയാണ് സദ്യ വിളമ്പിയത്. അവിയലും തോരനും എന്നത് ഓരോ ദിവസവും മാറും. മോര്, രസം അല്ലെങ്കില്‍ പുളിശേരി ഏതെങ്കിലും ഒരു വിഭവമായിരിക്കും വിളമ്പുക. ഓരോ ദിവസവും ഓരോ തരം പായസം കൊടുക്കും. ഉച്ചയ്ക്ക് 12 ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു നിലവിളക്ക് കൊളുത്തി സദ്യ അയ്യപ്പന് സമര്‍പ്പിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുതിയ വെളിപ്പെടുത്തല്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പിടിയിലായ പങ്കജ് ബണ്ടാരിയും ഗോവര്‍ദ്ധനനും ദേവസ്വം ജീവനക്കാരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ശബരിമലയിലെ പാളികള്‍ സ്വര്‍ണം പൂശിയതാണെന്ന് രണ്ടുപേര്‍ക്കും അറിയാമായിരുന്നു. പോറ്റിയുടെ സഹായത്തോടെ പാളികള്‍ സമാര്‍ട് ക്രിയേഷനിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു. സംഭാവനകള്‍ നല്‍കുന്നവരെന്ന നിലയില്‍ പ്രതികള്‍ക്ക് ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് പുനരധിവാസം പുരോഗമിക്കുന്നു
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ചു സോണുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 344 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി.
പാലക്കാട് വാളയാറില്‍ അതിഥി തൊഴിലാളി ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു
പാലക്കാട് വാളയാറില്‍ അതിഥി തൊഴിലാളി ഛത്തിസ്ഗഡ് സ്വദേശി രാംനാരായണന്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ് നിഗമനം. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും. ആക്രമണത്തില്‍ പതിനഞ്ചോളം പേര്‍ പങ്കാളികളായെന്നും ഇതില്‍ ചിലര്‍ നാടുവിട്ടെന്നുമാണ് പൊലീസ് കരുതുന്നത്.
വാളയാര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ നീതി ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ്
വാളയാറില്‍ നടന്നത് ലജ്ജിപ്പിക്കുന്ന സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകമാണ് ഉണ്ടായതെന്നും മരിച്ച അതിഥിതൊഴിലാളിയുടെ കുടുംബത്തെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
വാളയാറില്‍ നടന്നത് ലജ്ജിപ്പിക്കുന്ന സംഭവമെന്ന് ഡിസിസി പ്രസിഡന്റ്
വാളയാറില്‍ നടന്നത് ലജ്ജിപ്പിക്കുന്ന സംഭവമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. ഇത് രണ്ടാമത്തെ സംഭവമാണെന്നും രണ്ടും നടന്നത് പാലക്കാടാണെന്നും പറഞ്ഞ എ തങ്കപ്പന്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും കുറ്റപ്പെടുത്തി. രണ്ട് മൂന്ന് ദിവസം ഒന്നും ചെയ്തില്ലെന്നും ആ സമയത്ത് പ്രതികള്‍ സംസ്ഥാനം വിട്ട് പോയെന്നുമാണ് അറിയുന്നതെന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
വാളയാര്‍ ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട റാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും
വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം. പാലക്കാട് ആര്‍.ഡി.ഒയും തൃശൂര്‍ സബ് കളക്ടറും കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായിട്ടില്ല. കുടുംബത്തിനുള്ള ധനസഹായത്തില്‍ ധാരണയാകാത്തതായിരുന്നു കാരണം. സബ് കളക്ടറെത്തി, ഇന്ന് മന്ത്രിയുമായി ചര്‍ച്ചക്ക് അവസരമൊരുക്കിയെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധത്തില്‍ നിന്ന് കുടുംബം പിന്മാറിയത്. കുടുംബത്തിന് 10 ലക്ഷം രൂപയില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കി.
പാലക്കാട് കാവശേരി പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു
പാലക്കാട് കാവശേരി പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് സെക്രട്ടറി പി. വേണുവിന് മര്‍ദനമേറ്റത്. സിപിഎം പ്രവര്‍ത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മര്‍ദിച്ചതെന്ന് പരാതി. തെരഞ്ഞെടുപ്പില്‍ പ്രമോദിന്റെ നാമനിര്‍ദേശപത്രിക തള്ളിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മര്‍ദനമെന്നാണ് പരാതി.
മലയാറ്റൂര്‍ ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍
മലയാറ്റൂര്‍ ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അലന്‍ പെണ്‍കുട്ടിയെ കൊന്നത് തലയില്‍ 22 കിലോ ഭാരമുള്ള കല്ലിട്ടെന്ന് പൊലീസ് കണ്ടെത്തല്‍. കുറ്റകൃത്യത്തിന് ശേഷം അലന്‍ വേഷം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. വസ്ത്രങ്ങളും ഷൂസുമെല്ലാം മാറിയെന്നും പൊലീസ് പറഞ്ഞു. അലനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കൊച്ചി മത്സരം ഡിസംബര്‍ 30 ന്
ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കൊച്ചി മറൈന്‍ ഡ്രൈവിലെ മത്സരം ഡിസംബര്‍ 30 ന് നടക്കും. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമാണിത്. നിലവില്‍ വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടന്‍ 90 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. 77 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്.
കോട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ സ്ലാബ് കയറ്റിവെച്ച നിലയില്‍
കോട്ടിക്കുളത്ത് റെയില്‍വേ പാളത്തില്‍ സ്ലാബ് കയറ്റിവെച്ച നിലയില്‍. റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന ട്രാക്കിലാണ് കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളാതെ പൊലീസ് അന്വേഷണം നടത്തുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടന്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ഗുരുവായൂര്‍ വടക്കേ നടയിലെ പൂക്കച്ചവടക്കാരനെ ആക്രമിച്ച പ്രതി പിടിയില്‍
ഗുരുവായൂര്‍ വടക്കേ നടയിലെ പൂക്കച്ചവടക്കാരനായ വയോധികനെ ആക്രമിച്ച പ്രതി പിടിയില്‍. പൂ കച്ചവടം നടത്തുന്ന സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുകയും തട്ടിലും പരിസരത്തുമായി മനുഷ്യ വിസര്‍ജ്യമടക്കം വിതറിയതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് 66 കാരന്‍ ക്രൂരമായ ആക്രമണത്തിനിരയായത്. മീശ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ചന്ദ്രന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തില്‍ തിരുവത്ര സ്വദേശിയായ ചീരമ്പത്ത് വീട്ടില്‍ രാജേന്ദ്രന്‍ എന്നയാളുടെ കൈ ഒടിഞ്ഞിരുന്നു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൊബൈല്‍ ഫോണില്‍ കളിച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പിണങ്ങിയ കുട്ടി മുറിയിലേക്ക് പോയി, മുറിയടച്ച് തൂങ്ങിമരിക്കുകയായിരുന്നു.

































