കൊല്ലം. തിരുമുല്ലവാരത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ മരിച്ചയാളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായായി പോലീസ്.. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മരിച്ചയാൾ ശക്തികുളങ്ങര സ്വദേശി തന്നെയാണ് എന്ന സംശയത്തിലാണ് പോലീസ്. ഇയാളെ കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊലപാതക സാധ്യത ഉൾപ്പെടെ എല്ലാ കോണുകളും പരിഗണിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അസ്ഥികൂടത്തിന്റെ പ്രായം, ലിംഗം, മരണകാരണം, മരണസമയം എന്നിവ കണ്ടെത്തുന്നതിനായി വിശദമായ ഫോറൻസിക് പരിശോധന നടത്തുന്നുണ്ട്. അസ്ഥികൂടം കണ്ടെത്തിയ ഭാഗത്തുനിന്ന് ലഹരി ഉപയോഗിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. വീട് ഉടമയെയും സമീപവാസികളെയും ചോദ്യം ചെയ്ത് വീട്ടിൽ അവസാനമായി ആരൊക്കെ എത്തിയിരുന്നു, വീടു പൂട്ടിയിട്ടിരുന്ന കാലയളവിൽ സംശയകരമായ വല്ലതും കണ്ടിരുന്നോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ആൾതാമസം ഇല്ലാത്ത വീട്ടുവളപ്പിൽ അസ്ഥികൂടം കണ്ടെത്തിയത്. വെസ്റ്റ് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്..






































