ശബരിമല സ്വർണക്കൊള്ള: സംരക്ഷകർ തന്നെ വിനാശകരായി മാറിയ അപൂർവ കുറ്റകൃത്യം – ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ളയെന്നത് സംരക്ഷകർ തന്നെ വിനാശകരായി മാറിയ അപൂർവമായ കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹർജി തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഗുരുതര പരാമർശങ്ങൾ. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് എസ്ഐടിക്കെതിരെ കോടതി മുന്നറിയിപ്പ് നൽകി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തി. എ. പത്മകുമാർ പ്രസിഡന്റായ ബോർഡിലെ മറ്റ് അംഗങ്ങൾക്ക് ക്രിമിനൽ ഉത്തരവാദിത്തം ഉണ്ടെന്നും കെ.പി. ശങ്കർദാസിലേക്കും എൻ. വിജയകുമാറിലേക്കും അന്വേഷണം പോകാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണക്കൊള്ള: ഇപ്പോൾ അറസ്റ്റിലായവർ ഉന്നതരല്ല, അന്വേഷണം മുൻ ദേവസ്വം മന്ത്രിയിലേക്ക് നീങ്ങുമെന്ന് വി.ഡി. സതീശൻ
ശബരിമല സ്വർണക്കൊള്ള കേസിൽ ഇപ്പോൾ അറസ്റ്റിലായവർ അല്ല ഉന്നതരെന്നും നീതിപൂർവമായ അന്വേഷണം നടന്നാൽ മുൻ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോദ്യം ചെയ്യലും അറസ്റ്റും തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഉണ്ടാകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്കു മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് കോടതി വിധിയെന്ന് സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിലെ പ്രധാനപ്പെട്ട അംഗങ്ങളെ അറസ്റ്റു ചെയ്തില്ലെന്നും അന്വേഷണം വൻസ്രാവുകളിലേക്ക് നീങ്ങിയില്ലെന്നുമാണ് കോടതി പറഞ്ഞതെന്നും അതു തന്നെയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ എസ്.ഐ.ടിക്ക് പരിമിതികളുണ്ടെന്ന് കെ. മുരളീധരൻ
ശബരിമലയിലെ വിവാദ സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ എസ്.ഐ.ടിക്ക് പരിമിതികളുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷിച്ചാൽ അവരുടെ ഭാവി അവതാളത്തിലാകുമെന്നും മുഖ്യമന്ത്രിയുടെ കോപത്തിന് അവർ ഇരയാകുമെന്നും അദ്ദേഹം പറഞ്ഞു. മടിയിൽ കനം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പേടിക്കുന്നത് എന്ന ചോദ്യം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ചോദിച്ച അദ്ദേഹം പത്മകുമാർ പാർട്ടിക്ക് വേണ്ടി തെറ്റ് ചെയ്ത വ്യക്തിയാണെന്നും പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റ്: സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും ജ്വല്ലറി ഉടമ ഗോവർധനും പിടിയിൽ
ശബരിമല സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റ് നടത്തി പ്രത്യേക അന്വേഷണ സംഘം. സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും ജ്വല്ലറി ഉടമ ഗോവർധനുമാണ് അറസ്റ്റിലായത്. ഇരുവരേയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനുമാണെന്നാണ് കണ്ടെത്തൽ. പോറ്റിയും ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം വേർതിരിച്ചതിന്റെ നിർണായക രേഖ ലഭിച്ചു
സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം വേർതിരിച്ചതിന്റെ നിർണായക രേഖ ലഭിച്ചു. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയിൽ നിന്നാണ് രേഖ പിടിച്ചെടുത്തത്. സ്വർണം വേർതിരിച്ചതിന്റെ കണക്കും കൂലിയുടെ വിവരങ്ങളും അടക്കം ഈ രേഖകളിൽ വ്യക്തമാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സ്മാർട്ട് ക്രിയേഷൻസ് പറഞ്ഞിരുന്നത് തങ്ങളുടെ കയ്യിൽ എത്തിയിരുന്നത് ചെമ്പുപാളിയാണ് എന്നായിരുന്നു.
മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും തിരിച്ചടി
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും തിരിച്ചടി. കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് അയച്ച നോട്ടീസിലെ തുടർ നടപടി തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇഡിക്ക് തുടർ നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവന. വിസി നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പോലെ സെക്രട്ടേറിയറ്റിൽ ഭിന്നത ഉണ്ടായില്ലെന്നാണ് വിശദീകരണം. സമവായത്തിനു മുൻകൈ എടുത്തത് ഗവർണറാണെന്നും കുറിപ്പിൽ പറയുന്നു.
കരട് വോട്ടർ പട്ടികയിൽ 25 ലക്ഷം പേർ പുറത്തായതിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി
എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിൽ നിന്നും കേരളത്തിൽ 25 ലക്ഷം പേർ പുറത്തായെന്ന വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിയവർ, ഇരട്ട രജിസ്ട്രേഷൻ, കണ്ടെത്താനാകാത്തവർ എന്നിവർക്ക് പുറമേ ”മറ്റുള്ളവർ” എന്ന നിലയിലും വോട്ടർ പട്ടികയിൽ നിന്നും വലിയ തോതിലുള്ള ഒഴിവാക്കൽ നടക്കുന്നു. ആരാണ് ഈ ”മറ്റുള്ളവർ” എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു തന്നെ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി കുറിച്ചു.
30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം ഷോ മിയാക്കി സംവിധാനം ചെയ്ത ‘ടൂ സീസണ്സ് ടൂ സ്ട്രേഞ്ചേഴ്സ്’ സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം ‘ബിഫോർ ദ ബോഡി’ എന്ന ചിത്രത്തിലൂടെ കരീന പിയാസ്, ലൂസിയ ബ്രസീലിസ് എന്നിവർക്ക് ലഭിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രസ്കി അവാർഡ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഖിഡ്കി ഗാവ്’ സ്വന്തമാക്കി. ഉണ്ണികൃഷ്ണൻ ആവളയുടെ ‘തന്തപ്പേർ’ പ്രത്യേക ജൂറി പുരസ്കാരത്തിനും ഓഡിയൻസ് പോൾ അവാർഡിനും അർഹമായി.
ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമുണ്ടായി, ഇവിടെ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി
ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ ഇടപെട്ടത്. ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിൽ മുട്ടുമടക്കില്ല. ഏതൊക്കെ കലാകാരന്മാർ വരണം എന്നതിൽ പോലും കേന്ദ്രം കൈകടത്തുന്നു. ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും പിണറായി വിജയൻ പറഞ്ഞു.
ലേബർ കോഡ് കോർപ്പറേറ്റ് നിയന്ത്രിത തൊഴിൽ വിപണി സൃഷ്ടിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി
കോർപ്പറേറ്റ് നിയന്ത്രിത തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് ലേബർ കോഡെന്ന് മുഖ്യമന്ത്രി. തൊഴിൽ നിയമങ്ങൾ ലഘൂകരിക്കാനെന്ന പേരിൽ ലേബർ കോഡുകൾ കൊണ്ടുവന്ന് തൊഴിലാളികളുടെ നിയമപരമായ പരിരക്ഷകൾ എടുത്തുമാറ്റി. തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും അസ്തിത്വവും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധത്തിന്റെ വേദിയായി ലേബർ കോൺക്ലേവിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് ഭേദഗതിയിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തൊഴിലുറപ്പ് ഭേദഗതിയിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി. സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഭേദഗതി മൂലം കേരളത്തിന് പ്രതിവർഷം 3500 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സ്കൂൾ കലോത്സവ സമാപനത്തിൽ മോഹൻലാൽ മുഖ്യാതിഥി
സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തുടർച്ചയായി മൂന്ന് തവണ ജഡ്ജിയായവർ ഒഴിവാക്കപ്പെടും. വിധികർത്താക്കൾ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരിൽ നിന്നും സത്യവാങ്മൂലവും എഴുതി വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമാണം വേഗത്തിൽ
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പ് നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റണിൽ 122 സ്വപ്ന ഭവനങ്ങളുടെ വാർപ്പ് പൂർത്തിയായി.
മണ്ഡല പൂജയ്ക്ക് 8 ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ വൻ തിരക്ക്
മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്നലെ വൈകീട്ട് 6 മണി വരെ 75000 ത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. വ്യാഴാഴ്ച ഒരു ലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തിയിരുന്നു.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഎമ്മിന്റെ പന്തം കൊളുത്തി പ്രകടനം
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഎമ്മിന്റെ പന്തം കൊളുത്തി പ്രകടനം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് മഹാത്മാഗാന്ധിയുടെ പേരുവെട്ടിമാറ്റി പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാന സർക്കാരുകൾക്ക് മേലെ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ബില്ലിനെതിരെയാണ് പ്രതിഷേധം.
‘പോറ്റിയേ കേറ്റിയേ പാരഡി’ ഗാനത്തിൽ കേസെടുത്തതിൽ കോൺഗ്രസ് പ്രതിഷേധം
പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിൽ കേസെടുത്തതിൽ നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഗാനം കൂട്ടത്തോടെ പാടിയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്.
തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിന് 5.36% വോട്ട് കൂടുതൽ
തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് എൽഡിഎഫിനെക്കാൾ 5.36 ശതമാനം വോട്ടുകൾ നേടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ അന്തിമകണക്ക്. 11.38 ലക്ഷം വോട്ടുകൾ കൂടുതൽ. യുഡിഎഫിന് 38.81 ശതമാനവും എൽഡിഎഫിന് 33.45 ശതമാനവും വോട്ടുകൾ ലഭിച്ചു. എൻഡിഎയ്ക്ക് 14.71 ശതമാനം.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോൺക്ലേവ് നടത്താൻ കെപിസിസി തീരുമാനം
ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയതുപോലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി പാർട്ടി കോൺക്ലേവ് നടത്താൻ കെപിസിസി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. ജനുവരിയിൽ നടക്കുന്ന കോൺക്ലേവ് വയനാട്ടിലായിരിക്കും.
ബി.ഡി.ജെ.എസ് അംഗങ്ങളെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് ആർ. നാസർ
ബി.ഡി.ജെ.എസ്. അംഗങ്ങളെ ഇടതുപക്ഷത്തേക്കും സി.പി.എമ്മിലേക്കും ക്ഷണിച്ച് ആലപ്പുഴ സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ. പിന്നാക്കക്കാരുടെ ക്ഷേമത്തിനായാണ് ബി.ഡി.ജെ.എസ്. രൂപം കൊണ്ടതെന്നും എന്നാൽ മുന്നാക്കക്കാർക്കും പ്രാധാന്യം നൽകുന്ന എൻ.ഡി.എ.യിൽ അവർക്കു നീതി കിട്ടുന്നില്ലെന്നും നാസർ പറഞ്ഞു.
ഹയർ സെക്കൻഡറി രണ്ടാം പാദ പരീക്ഷ: ഹിന്ദി പരീക്ഷ മാറ്റി
രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി ഇന്ന് നടത്താനിരുന്ന ഹയർ സെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ജനുവരി 5 ന് നടത്തും. ചില സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവയ്ക്കുന്നത്.
മലയാള ആക്ഷേപഹാസ്യ പാരഡി ഗാനങ്ങൾക്ക് കുഞ്ചൻ നമ്പ്യാർ പുരസ്കാരം
മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ പാരഡി ഗാനങ്ങൾക്ക് കുഞ്ചൻ നമ്പ്യാർ പുരസ്കാരം നൽകാൻ സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റങ്ങൾക്കെതിരെയുള്ള പ്രതിരോധമായിട്ടാണ് പാരഡി ഗാനങ്ങൾക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചത്.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച സ്ഥാപനം അടച്ചുപൂട്ടി
കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോഴിക്കോട് പയ്യോളി ഐ.പി.സി റോഡിലെ ഷെറിൻ ഫുഡ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.
പത്മശ്രീ ജേതാവ് ഡോ. പുഷ്പാംഗദൻ അന്തരിച്ചു
അമൂല്യ ഔഷധസസ്യമായ ആരോഗ്യപ്പച്ചയെക്കുറിച്ചുള്ള അറിവ് പുറംലോകത്തെ അറിയിച്ച ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. പുഷ്പാംഗദൻ അന്തരിച്ചു. 82 വയസ്സായിരുന്നു.
എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്
എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാരിന്റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്. കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയല്ലെന്നും സർക്കാർ തീരുമാനം ശരിയാണെന്നും വാട്ടർ അതോറിറ്റിയുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി കൊടുത്തതെന്നും രാജേഷ് വിശദീകരിച്ചു.
എലപ്പുള്ളി ബ്രൂവറി: സർക്കാർ ഉത്തരവിൽ വസ്തുതകൾ ശരിയല്ലെന്ന് ഹൈക്കോടതി
പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാരിന്റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സർക്കാർ ഉത്തരവിലെ പല വസ്തുതകളും ശരിയല്ലെന്നും അവ്യക്തയുണ്ടെന്നുമാണ് ഹൈക്കോടതി ഉത്തരവിലുള്ളത്.
ഗർഭിണിയെ മുഖത്തടിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രൻ സ്ഥിരം വില്ലൻ
ഗർഭിണിയെ മുഖത്തടിച്ചതിന് സസ്പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രൻ പൊലീസ് സേനയിലെ സ്ഥിരം വില്ലനെന്ന് റിപ്പോർട്ടുകൾ.
തിരൂരിൽ വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉടമകൾക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ്
മലപ്പുറം തിരൂരിൽ വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ് നൽകിയതായി കണ്ടെത്തി. ജോയിന്റ് ആർടിഒയുടെ സഹായത്തോടെ നിരവധി പേർ ലൈസൻസ് നേടിയിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
തമിഴ്നാട്ടിൽ വോട്ടർ പട്ടിക പുതുക്കലിൽ 97.4 ലക്ഷം പേരുകൾ നീക്കം ചെയ്തു
തമിഴ്നാട്ടിലെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായി. വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 97.4 ലക്ഷം പേരുകൾ നീക്കം ചെയ്തു.
പിറ്റ്ബുൾ, റോട്ട്വീലർ നായ്ക്കളുടെ വളർത്തലിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ചെന്നൈ കോർപ്പറേഷൻ
പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പിറ്റ്ബുൾ, റോട്ട്വീലർ ഇനം നായ്ക്കളുടെ വളർത്തലിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ചെന്നൈ കോർപ്പറേഷൻ.
മധ്യപ്രദേശിൽ എച്ച്ഐവി ബാധയേറ്റ 5 കുട്ടികൾ
മധ്യപ്രദേശിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ അഞ്ച് കുട്ടികൾക്ക് എച്ച്.ഐ.വി. ബാധ.
നാഷണൽ ഹെറാൾഡ് കേസിൽ ഇഡി ദില്ലി ഹൈക്കോടതിയിൽ അപ്പീൽ
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ബെറ്റിങ് ആപ്പ് കള്ളപ്പണക്കേസിൽ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി ഇഡി
നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിനിമ, ക്രിക്കറ്റ്, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ആസ്തികൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
യുഎസ് മേയറായി ഇന്ത്യൻ വംശജ പ്രണിത വെങ്കിടേഷ്
യുഎസിലെ കാലിഫോർണിയയിലുള്ള സാൻ കാർലോസ് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജ പ്രണിത വെങ്കിടേഷ്.
പാകിസ്താനിൽ സുരക്ഷാ ക്യാമ്പിൽ ചാവേർ സ്ഫോടനം
പാകിസ്താനിലെ വടക്കൻ വസീറിസ്ഥാനിലെ ബോയയിലുള്ള സുരക്ഷാ ക്യാമ്പിൽ ചാവേർ സ്ഫോടനവും പിന്നാലെ വെടിവയ്പ്പും.
പസഫിക് സമുദ്രത്തിൽ രണ്ട് കപ്പലുകൾ തകർത്ത് യുഎസ് സൈന്യം
പസഫിക് സമുദ്രത്തിൽ രണ്ട് കപ്പലുകൾ കൂടി യുഎസ് സൈന്യം തകർത്തു. മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് നടപടി.
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിന് കീഴടക്കി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ.
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ: ഇന്ത്യ – പാകിസ്താൻ
അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ – പാകിസ്താൻ ഫൈനൽ. സെമി ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്തു.
ശ്രീറാം ഫിനാൻസിൽ 40,000 കോടി രൂപ നിക്ഷേപിക്കാൻ മിത്സുബിഷി യു.എഫ്.ജി
ഇന്ത്യൻ ധനകാര്യ സേവന മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വഴിതുറക്കുന്നു. ശ്രീറാം ഫിനാൻസിന്റെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ജപ്പാനിലെ മിത്സുബിഷി യു.എഫ്.ജി ഫിനാൻഷ്യൽ ഗ്രൂപ്പ് ഏകദേശം 445 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങുന്നു.
‘മാ വന്ദേ’ ചിത്രീകരണം ആരംഭിച്ചു
ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയായി എത്തുന്ന ‘മാ വന്ദേ’യുടെ ചിത്രീകരണം ആരംഭിച്ചു.
‘മിണ്ടിയും പറഞ്ഞും’ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി
ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടു.
ചൈനീസ് ഇലക്ട്രിക് കാർ ബെസ്റ്റ്യൂൺ ഷാവോമ ഇന്ത്യയിലേക്ക്
ചൈനീസ് ഓട്ടോമൊബൈൽ കമ്പനിയായ ബെസ്റ്റ്യൂൺ ബ്രാൻഡിന്റെ ചെറിയ ഇലക്ട്രിക് കാർ ഷാവോമ ഇന്ത്യൻ വിപണിയിലേക്ക്.
പുസ്തകം: ക്ലാസിക് നോവൽ ക്ലാസിക് സിനിമ
മതിലുകൾ, പാഥേർ പാഞ്ചാലി തുടങ്ങിയ ഇരുപത് ക്ലാസിക് നോവലുകളുടെ സിനിമാ അനുകൽപ്പനത്തെക്കുറിച്ചുള്ള പഠനം. ‘ക്ലാസിക് നോവൽ ക്ലാസിക് സിനിമ’. സി.വി രമേശൻ. മാതൃഭൂമി.
മധുരക്കിഴങ്ങ് തൊലിയോടെ കഴിക്കുന്നതാണ് നല്ലത്
മധുരക്കിഴങ്ങ് പുഴുങ്ങുമ്പോൾ തൊലി നീക്കം ചെയ്യാറുണ്ടോ? തൊലിയോടെ കഴിക്കുന്നതാണ് പോഷകമൂല്യം കൂടുതൽ. തൊലിയിൽ നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.





































