പത്രം|മലയാള ദിനപത്രങ്ങളിലൂടെ |2025 | ഡിസംബർ 19 | വെള്ളി 1201 | ധനു 4 | തൃക്കേട്ട

Advertisement

ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് പോകണമെന്ന് വെള്ളാപ്പള്ളി നടേശൻ

പത്തുവർഷം എൻഡിഎയ്ക്കൊപ്പം നടന്നിട്ട് എന്തുകിട്ടിയെന്ന് ബിഡിജെഎസ് ആലോചിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഡിജെഎസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 5 സീറ്റിൽ മാത്രമാണ് ബിഡിജെഎസ് സ്ഥാനാർഥികൾക്ക് ജയിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചർച്ചകൾ ബിഡിജെഎസിൽ സജീവമാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വെള്ളാപ്പള്ളിയുടെ ചോദ്യം.

തൊഴിലുറപ്പ് പദ്ധതി പൊളിച്ചെഴുതുന്ന വിബിജി റാംജി ബിൽ രാജ്യസഭയും പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും തൊഴിലുറപ്പ് പദ്ധതി പൊളിച്ചെഴുതാനുള്ള വിബിജി റാംജി ബിൽ രാജ്യസഭയും പാസാക്കി. ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നേരത്തെ ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അതേസമയം മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയിൽ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബിൽ വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി.

വിബിജി റാംജി ബിൽ ജനങ്ങളെ പിച്ചക്കാരാക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ

സാധാരണക്കാരുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ഇവരെ ജനം വഴിയിലൂടെ നടക്കാൻ അനുവദിക്കില്ലെന്നും ജനങ്ങളെ പിച്ചക്കാരാക്കാനാണ് വിബിജി റാംജി ബിൽ എന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മധ്യപ്രദേശിൽനിന്നും ദില്ലിയിലേക്ക് വന്നതോടെ ശിവരാജ് സിംഗ് ചൗഹാൻ പാവങ്ങളെ മറന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസ് തിരിച്ചടിയായെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. എ പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടിയിരുന്നു. നടപടി എടുക്കാതിരുന്നത് എതിരാളികൾക്ക് ആയുധമായെന്നും നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായി. മുൻ എംഎൽഎ – കെസി രാജഗോപാലൻ പഞ്ചായത്തിൽ മൽസരിച്ചതിനെതിരെയും സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. മത്സരം പ്രാദേശിക വിഭാഗീയതയ്ക്ക് കാരണമായെന്നാണ് വിമർശനം.

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; 24.81 ലക്ഷം പേർ പുറത്ത്

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം വഴി വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവർ 24.81 ലക്ഷം പേർ. പൂരിപ്പിച്ച് കിട്ടിയ മുഴുവൻ എന്യൂമറേഷൻ ഫോമുകളുടെയും ഡിജിറ്റൈസേഷൻ പൂർത്തിയായി. ചൊവ്വാഴ്ച കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സൈബർ പൊലീസിനെ സമീപിക്കും.

എൽഡിഎഫിന് നിയമസഭയിൽ 64 സീറ്റ് വരെ ലഭിക്കുമെന്ന് എംവി ഗോവിന്ദൻ

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാല്‍ എൽഡിഎഫിന് നിയമസഭയിൽ 64 സീറ്റ് വരെ ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആന്തൂർ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ട് കൂടി കണക്കാക്കിയാണ് എംവി ഗോവിന്ദന്റെ 64 സീറ്റ് പരാമർശം. ഇത് സൂചിപ്പിക്കുന്നത് എൽഡിഎഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഗർഭിണിയെ മർദിച്ച എറണാകുളം നോർത്ത് എസ്എച്ച്ഒ പ്രതാപചന്ദ്രൻ സസ്പെൻഡ്

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ പൊലീസ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. എറണാകുളം നോർത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ ഗർഭിണിയായ ഷൈമോള്‍ എന്ന സ്ത്രീയുടെ മുഖത്തടിക്കുന്നതും നെഞ്ചത്ത് പിടിച്ച് തള്ളുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2024ൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗർഭിണിയായ സ്ത്രീയെ മർദിച്ച സംഭവത്തിൽ നിലവിൽ അരൂർ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തുകൊണ്ട് നടപടിയെടുത്തത്. 2024ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. 2024 ജൂണിൽ നടന്ന സംഭത്തിൽ ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പരാതിക്കാരിക്ക് ദൃശ്യങ്ങൾ ലഭിച്ചത്. എറണാകുളം നോർത്തിൽ ബെൻ ടൂറിസ്റ്റ് ഹോം നടത്തുകയായിരുന്ന ഭർത്താവ് ബെൻജോ ബേബിയെ അകാരണമായി പോലിസ് പിടിച്ചു കൊണ്ടുപോയി മർദിച്ചത് ചോദ്യം ചെയ്തതിനാണ് ഗർഭിണിയായിരുന്ന ഷൈമോളെ എസ്എച്ച്ഒ പ്രതാപചന്ദ്രൻ മർദിച്ചത്.

പൊലീസ് മർദനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷ വിമർശനം

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതാണോ പിണറായി വിജയൻ സർക്കാരിന്റെ സ്ത്രീസുരക്ഷയെന്നും ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷനെന്നും ചോദിച്ച സതീശൻ എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സർക്കാരുമെന്നും ആക്ഷേപിച്ചു. ഇത്തരം ക്രൂരതകൾ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകൾ ആക്രമിച്ചിട്ടുണ്ടാകുകയെന്നും സതീശൻ ആശങ്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സി.പി.എമ്മിലെ ക്രിമിനൽ- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കഴക്കൂട്ടത്ത് മത്സരിക്കാൻ താല്പര്യമുണ്ടെന്ന് വി മുരളീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കാൻ താല്പര്യമുണ്ടെന്ന മോഹം പരസ്യമാക്കി മുൻ അധ്യക്ഷൻ വി മുരളീധരനും രംഗത്ത്. കഴക്കൂട്ടം കേന്ദ്രീകരിച്ചാണ് തന്റെ പ്രവർത്തനമെന്നും വി മുരളീധരൻ പറഞ്ഞു.

മുനമ്പം നിവാസികൾക്കുള്ള കലക്ടർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

മുനമ്പം നിവാസികൾക്ക് പോക്കുവരവ്, കൈവശാവകാശ സർട്ടിഫിക്കറ്റ് തുടങ്ങിയവ അനുവദിക്കാനുള്ള എറണാകുളം ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുനമ്പത്തെ കൈവശക്കാരിൽ നിന്ന് വസ്തു നികുതി ഇടാക്കാൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നിലെയാണ് പോക്കുവരവ് നടത്താമെന്നും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാമെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടത്. ഇതിനെതിരായ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

നടിയെ ആക്രമിച്ച കേസ്; സൈബർ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് വനിതാ കമ്മീഷൻ

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ അതൃപ്തിയുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെ അതിജീവിതയെ വീണ്ടും അപമാനിക്കാൻ ശ്രമം തുടരുന്നതിനെതിരെ ഐ.ടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഇത്തരം സാഹചര്യങ്ങളിൽ സൈബർ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സ്ത്രീകൾക്ക് സമൂഹത്തിൽ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും സംസ്ഥാനത്തെ പല തൊഴിൽ സ്ഥാപനങ്ങളിലും 2013ൽ പ്രാബല്യത്തിൽ വന്ന തൊഴിൽ നിയമം നടപ്പാക്കുന്നില്ലെന്നത് ആശങ്കാജനകമാണെന്നും സതീദേവി വ്യക്തമാക്കി.

ആലപ്പുഴയിൽ ഇരട്ടവോട്ട് പരാതി

ആലപ്പുഴയിൽ ഇരട്ടവോട്ടെന്ന് പരാതി. ആലപ്പുഴ നഗരസഭയിലെ വലിയമരം വാർഡിൽ ജയിച്ച യുഡിഎഫിലെ ഷംന മൻസൂറിന് തൊട്ടടുത്തുള്ള വലിയ കുളം വാർഡിലും വോട്ടുണ്ടെന്നാണ് പരാതി. വിജയം റദ്ദാക്കണമെന്നും സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വലിയമരം വാർഡിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥിയാണ് പരാതി നൽകിയത്.

കണ്ണൂർ കോർപ്പറേഷൻ മേയറായി പി ഇന്ദിര

പി ഇന്ദിരയെ കണ്ണൂർ കോർപ്പറേഷൻ മേയറായി പ്രഖ്യാപിച്ച് കെ സുധാകരൻ. കോൺഗ്രസ് കോർ കമ്മിറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് ഇതെന്നും ഇന്ദിര നിലവിലെ ഡെപ്യൂട്ടി മേയറാണ് എന്നത് പരിഗണിച്ചുവെന്നും കോർ കമ്മിറ്റിയിൽ ഒരു പേര് മാത്രമാണ് പരിഗണിച്ചത് എന്നും സുധാകരനും പറഞ്ഞു. ജീവിതത്തിൽ പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മേയർ പ്രഖ്യാപനത്തിന് ശേഷം ഇന്ദിര പ്രതികരിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാൻ സർക്കാർ ശ്രമമെന്ന് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി തലസ്ഥാന ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിൽ സാമ്പത്തികപ്രതിസന്ധി ഉണ്ടാക്കാൻ സംസ്ഥാന സർക്കാരിന്റെ ഗൂഢ ശ്രമമെന്ന് ബിജെപി ജില്ലാ നേതൃത്വം. തിരുവനന്തപുരം കോർപ്പറേഷനിലെ ഫണ്ടിൽ നിന്ന് 200 കോടി ട്രഷറിയിൽ എത്തിക്കാൻ സർക്കാർ നിർദേശം നൽകിയെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതെന്നും തിരുവനന്തപുരം സിറ്റി ബിജെപി അധ്യക്ഷൻ കരമന ജയൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പോറ്റി പാരഡി ഗാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ സിപിഎം

പോറ്റി പാരഡി ഗാനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം. ഇന്നലത്തെ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പന്തളം ഏരിയ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വർമയാണ് പരാതി നൽകുക. പാരഡി ഗാനത്തിൽ അണിയറ പ്രവർത്തകർക്കെതിരെ കടുത്ത നടപടികൾ എടുക്കുന്നതിൽ നിന്ന് താൽക്കാലികമായി പിന്നോട്ട് പോയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.

പോറ്റി പാരഡി ഗാന നിർമാതാക്കൾക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണ

തെരഞ്ഞെടുപ്പിന് സൂപ്പർ ഹിറ്റായ പോറ്റി പാരഡി ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് പൂർണ പിന്തുണയറിയിച്ച് കോൺഗ്രസ്. കേരള പൊലീസ് ഇവർക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പാരഡി ഗാനശിൽപ്പി ജിപി കുഞ്ഞബ്ദുള്ളയെ നേരിട്ട് വിളിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പിന്തുണറിയിച്ചത്. നിയമ പോരാട്ടത്തിൽ എല്ലാ വിധ സഹായങ്ങളും ഉറപ്പുനൽകിയ അദ്ദേഹം പാട്ടെഴുതിയതിനെ അഭിനന്ദിക്കുകയും ചെയ്തു.

മാധ്യമങ്ങൾക്കെതിരായ വാർത്താ വിലക്ക് ഹർജി റിപ്പോർട്ടർ ടിവി പിൻവലിച്ചു

മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ ബെംഗളൂരു കോടതിയിൽ അപേക്ഷ നൽകി റിപ്പോർട്ടർ ടിവി. ഏഷ്യാനെറ്റ് ന്യൂസ്, ഗൂഗിൾ, മെറ്റ എന്നിവ ഉൾപ്പെടെ 18 മാധ്യമ സ്ഥാപനങ്ങൾക്ക് എതിരെ ഒക്ടോബറിൽ നൽകിയ ഹർജി പിൻവലിക്കാന്‍ അനുമതി തേടിയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്.

ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ ധന്യപദവിയിലേക്ക്

ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇറ്റലിയിൽ നേപ്പിൾസല്‍ നിന്നുള്ള ഫ്രാൻസിസ്കൻ സന്യാസ വൈദികൻ ബെരാർദോ അത്തൊണ്ണയെയും, ഡൊമെനിക്ക കാതറീനയെയും ഇദ്ദേഹത്തോടൊപ്പം സഭ ധന്യരായി ഉയർത്തിയിട്ടുണ്ട്. സിറോ മലബാർ സഭയിലെ പ്രധാന വ്യക്തിത്വമായിരുന്നു മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ.

പാലക്കാട് വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ചു

പാലക്കാട് വാളയാറിൽ മർദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദിച്ചതെന്നാണ് ആരോപണം. മർദനമേറ്റ് അവശനായ ഇയാളെ ബുധനാഴ്ച വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസർകോട് തട്ടിക്കൊണ്ടുപോകൽ കേസിൽ പരാതിക്കാരും പ്രതികളായി

കാസർകോട്ടെ തട്ടിക്കൊണ്ടു പോകൽ കേസിൽ പരാതിക്കാരും പ്രതികളായി. ആന്ധ്രാ സംഘത്തിലെ ഒരാളെ തടഞ്ഞുവെച്ച് ഏഴര ലക്ഷം രൂപ തട്ടിയ വിരോധത്തിലാണ് കാസർകോട് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആദ്യം പിടിയിലായ പ്രതികളുടെ മൊഴി. ഇതോടെ കാസർകോട് സ്വദേശികൾ അടക്കം എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ടിപി വധക്കേസ്; ജയിൽ ഡിഐജി വിനോദ്കുമാർ ഉടൻ സസ്പെൻഡ് ചെയ്യപ്പെടും

ടി.പി. വധക്കേസ് പ്രതികളായ കൊടിസുനിക്കും, അണ്ണൻ സിജിത്തിനും വഴിവിട്ട പരോൾ ഉൾപ്പെടെയുള്ള സഹായംനൽകി കൈക്കൂലിവാങ്ങിയ ജയിൽ ഡിഐജി എം.കെ. വിനോദ്കുമാറിനെ ഉടൻ സസ്പെൻഡുചെയ്യും. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ നടപടി. അനധികൃത സ്വത്തുസമ്പാദനത്തിനുപുറമേ കൈക്കൂലിവാങ്ങിയതിനും ഇയാളുടെപേരിൽ വിജിലൻസ് കേസെടുക്കും. കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണൻ സിജിത്ത് 45,000 രൂപയും ജയിൽ ഡിഐജിക്ക് ഗൂഗിൾപേവഴി കൈമാറിയത് വിജിലൻസ് കണ്ടെത്തിയിരുന്നു.

കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. മനയിൽകുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. മധ്യവയസിലുള്ള പുരുഷന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. വീടിരിക്കുന്ന സ്ഥലത്ത് തേങ്ങയിടാൻ വന്ന തൊഴിലാളിയാണ് അസ്ഥികൂടം കണ്ടത്. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

സ്കൂളിലെ പെറ്റ് ഷോ; വനംവകുപ്പ് റിപ്പോർട്ട് തേടി

സ്കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്കൂളിൽ നിന്ന് റിപ്പോർട്ട് തേടി വനം വകുപ്പ്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെട്ട മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടായേക്കും. കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിലാണ് പെറ്റ് ഷോ സംഘടിപ്പിച്ചത്.

കലാപ പ്രചാരണത്തിന് മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ കേസ്

കലാപമുണ്ടാക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിന് കേസെടുത്ത് പൊലീസ്. കാസർകോട് ചെറുവത്തൂരിലെ മുസ്ലിം ലീഗ് വനിതാ നേതാവ് നഫീസത്തിനെതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. വോട്ടെണ്ണലിന് പിന്നാലെ ചെറുവത്തൂർ മടക്കരയിൽ മുസ്ലിം ലീഗ് – സിപിഎം സംഘർഷം നടന്നിരുന്നു. ഇതിനിടയിൽ തുരുത്തിയിലെ പള്ളി ആക്രമിച്ചുവെന്ന വ്യാജ പ്രചാരണം നഫീസത്ത് വാട്സ്ആപ്പ് വഴി നടത്തുകയായിരുന്നു.

എസ്ഐആറിൽ തീയതി നീട്ടണമെന്ന് സുപ്രീം കോടതി നിർദേശം

കേരളത്തിലെ എസ്ഐആറിൽ തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. നിവേദനങ്ങളിൽ അനുഭാവപൂർവ്വമായ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. നിലവിൽ 25 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി എന്ന് കോടതിയെ അറിയിച്ചിരുന്നു.

യുവതിയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

യുവതിയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മനക്കൊടിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശിനി കളരിപറമ്പിൽ വീട്ടിൽ അമൃത (23) യ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവായ മലപ്പുറം എടപ്പാൾ സ്വദേശി കളരിപറമ്പിൽ ജിതിൻ പ്രകാശിനെ (24) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലണമെന്ന ഉദ്ദേശത്തോടെ ജിതിൻ പ്രകാശ് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഒരു കാൽ അറ്റ നിലയിലാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിൽ പത്ത് ലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തുലക്ഷത്തോളമെന്ന് കേന്ദ്രസർക്കാർ. 2022 മുതൽ പ്രതിവർഷം രണ്ട് ലക്ഷത്തിൽപ്പരം ആളുകൾ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ കണക്കുകൾ സഹിതം വ്യക്തമാക്കി. സമ്പന്നരും ഉയർന്ന വൈദഗ്ധ്യമുള്ളവരുമായ ഇന്ത്യക്കാര്‍ക്കിടയിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായും കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം.

തമിഴ്നാട്ടിലെ ആദ്യ പൊതുയോഗത്തിൽ ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് വിജയ്

കരൂർ ദുരന്തത്തിന് ശേഷമുള്ള തമിഴ്നാട്ടിലെ ആദ്യ ടിവികെ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്. പെരിയാറിന്റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ ആണ് ഡിഎംകെ എന്ന് ഈറോഡിലെ പൊതുയോഗത്തിൽ വിജയ് വിമർശിച്ചു. ബിജെപിക്ക് തമിഴ്നാട്ടിൽ പ്രസക്തി ഇല്ലെന്നും വിജയ് തുറന്നടിച്ചു. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾക്കിടെയായിരുന്നു ടിവികെ പൊതുയോഗം. അണ്ണാദുരൈയും എംജിആറും ആരുടേയും സ്വകാര്യ സ്വത്ത് അല്ലെന്ന് പറഞ്ഞ വിജയ് പെരിയാറിന്റെ പേരു പറഞ്ഞ് നാടിനെ കൊള്ളയടിക്കുന്ന ഡിഎംകെ ടിവികെയുടെ രാഷ്ട്രീയ എതിരാളികൾ ആണെന്നും വ്യക്തമാക്കി.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ഇന്ന് പ്രഖ്യാപിക്കാനിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മാറ്റിവെച്ചത്. കാരണം വ്യക്തമാക്കാതെയാണ് പുരസ്കാര പ്രഖ്യാപനം നീട്ടിവെച്ചത്.

കർണാടകത്തിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എഎസ്ഐയുടെ മാല കവർന്നു

കർണാടകത്തിലെ ശിവമൊഗ്ഗയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എഎസ്ഐയുടെ മാല കവർന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് എഎസ്ഐ അമൃതയുടെ 5 പവൻ തൂക്കം വരുന്ന മാല നഷ്ടപ്പെട്ടത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാഷണൽ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കർണാടകത്തിൽ കോൺഗ്രസ് സമരം സംഘടിപ്പിച്ചിരുന്നു.

ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ പെരുമാറ്റം ഗുണ്ടാരാജുമായി താരതമ്യപ്പെടുത്തി ശിവരാജ് സിങ് ചൗഹാൻ

വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്‍) ബില്ലിനെക്കുറിച്ചുള്ള ലോക്സഭാ ചർച്ചയ്ക്കിടെയുള്ള പ്രതിപക്ഷത്തിന്റെ പെരുമാറ്റം അപകീർത്തികരമെന്ന് വിമർശിച്ച് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കോൺഗ്രസ് എംപിമാരുടെയും മറ്റ് പ്രതിപക്ഷ എംപിമാരുടെയും നടപടികളെ അദ്ദേഹം ഗുണ്ടാരാജുമായി താരതമ്യം ചെയ്യുകയും ചെയ്തു.

നിതീഷ് കുമാർ നിരുപാധികം മാപ്പ് പറയണമെന്ന് ജാവേദ് അക്തർ

മുസ്ലിം വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുനീക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡോക്ടറോട് നിരുപാധികം മാപ്പ് പറയണമെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. പർദ്ദ എന്ന ആശയത്തോട് താൻ ശക്തമായി വിയോജിക്കുന്ന ആളാണെങ്കിലും നിതീഷ് കുമാറിന്റെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓർഡർ ഓഫ് ഒമാൻ ബഹുമതി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ സമ്മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. എലിസബത്ത് രാജ്ഞി, നെതർലാൻഡ്സിലെ മാക്സിമ രാജ്ഞി, ജപ്പാൻ ചക്രവർത്തി അക്കിഹിതോ, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുള്ള എന്നിവരാണ് നേരത്തേ ഈ ബഹുമതി ലഭിച്ചിട്ടുള്ള പ്രമുഖർ.

ജനസംഖ്യ വർധിപ്പിക്കാൻ കോണ്ടത്തിന് നികുതി ഏർപ്പെടുത്തി ചൈന

ജനസംഖ്യാ വർധിപ്പിക്കാനായി കടുത്ത നടപടിയുമായി ചൈന. മൂന്ന് പതിറ്റാണ്ടായി ചൈനയിൽ നിലനിന്നിരുന്ന ഇളവ് അവസാനിപ്പിച്ച് 2026 ജനുവരി 1 മുതൽ കോണ്ടം, ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവയ്ക്ക് 13% വിൽപ്പന നികുതി ഏർപ്പെടുത്താൻ ചൈന ഒരുങ്ങുന്നു. രാജ്യത്തെ ജനനനിരക്ക് കുറയുന്നത് തടയുന്നതിനും പ്രായമാകുന്നവരുടെ ജനസംഖ്യ വർധനവിന്റെയും തൊഴിൽ ശക്തി കുറയുന്നതിന്റെയും ദീർഘകാല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതാണ് നടപടി.

കോണ്ടത്തിന്റെ നികുതി കുറയ്ക്കണമെന്ന് ഐഎംഎഫിനോട് പാകിസ്ഥാൻ

ചൈന ജനസംഖ്യ കൂട്ടാൻ ശ്രമിക്കുമ്പോൾ ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ. 60 ലക്ഷം കുട്ടികൾ ഓരോ വർഷവും ജനിക്കുന്ന പാക്കിസ്ഥാനിൽ പണപ്പെരുപ്പവും ജനസംഖ്യയും ഒരുപോലെ വർധിക്കുന്നത് വലിയ തിരിച്ചടിയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കോണ്ടത്തിന് നിലവിലുള്ള 18% നികുതി അസഹനീയമാണെന്നും കുറയ്ക്കാൻ അനുവദിക്കണമെന്നും പാകിസ്ഥാൻ ഐഎംഎഫിനോട് ആവശ്യപ്പെട്ടു. എന്നാൽ ഒരു സാമ്പത്തിക വർഷത്തിന്റെ പാതിയ്ക്കുവച്ച് ജിഎസ്ടി കുറയ്ക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഐഎംഎഫ്.

തായ്‌വാനുമായി ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ ലോകത്തെ അമ്പരപ്പിക്കുന്ന നീക്കം. തായ്‌വാനുമായി ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 11.1 ബില്യൻ ഡോളർ അഥവാ ഒരു ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ആയുധ ഇടപാടാണ് അമേരിക്ക പ്രഖ്യാപിച്ചത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ട്വന്റി20 ഇന്ന്

ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ട്വന്റി20 മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ. കഴിഞ്ഞ മത്സരം കനത്ത മൂടൽ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. നിലവിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.

ഹാൽദിറാംസുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ എൽ കാറ്റർട്ടൺ

ഇന്ത്യൻ ലഘുഭക്ഷണ വിപണിയിലെ മുൻനിരക്കാരായ ഹാൽദിറാംസുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ട് ആഗോള നിക്ഷേപ സ്ഥാപനമായ എൽ കാറ്റർട്ടൺ. ഈ പുതിയ നിക്ഷേപത്തിലൂടെ ഹാൽദിറാംസിന്റെ ആഗോള സാന്നിധ്യം ശക്തമാക്കാനും ഉൽപ്പന്ന നിര വിപുലീകരിക്കാനുമാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഉപഭോക്തൃ കേന്ദ്രീകൃത നിക്ഷേപങ്ങളിൽ ലോകപ്രശസ്തരായ എൽ കാറ്റർട്ടൺ ഹാൽദിറാംസിന്റെ ബ്രാൻഡ് നിർമ്മാണം, വിതരണ ശൃംഖല മെച്ചപ്പെടുത്തൽ എന്നിവയിൽ വലിയ പങ്കുവഹിക്കും. എൽ കാറ്റർട്ടൺ എത്ര തുകയാണെന്ന് നിക്ഷേപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹിന്ദുസ്ഥാൻ യൂണിലീവറിന്റെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മെഹ്ത എൽ കാറ്റർട്ടണിന്റെ ഇന്ത്യയിലെ എക്സിക്യൂട്ടീവ് ചെയർമാനായി ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ 1,000 കോടി ഡോളറിലധികം വിപണി മൂല്യമുള്ള ഹാൽദിറാംസ് ഇതിനകം തന്നെ സിംഗപ്പൂർ ആസ്ഥാനമായുള്ള ടെമാസെക്, ആൽഫ വേവ് ഗ്ലോബൽ തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വീകരിച്ചിട്ടുണ്ട്.

‘രാജാസാബി’ലെ രണ്ടാമത്തെ ഗാനം ‘സഹാന..സഹാന’ റിലീസ്

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘രാജാസാബി’ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. ‘സഹാന..സഹാന’ എന്ന പ്രണയഗാനമാണ് റിലീസ് ചെയ്തത്. പ്രഭാസും നിധി അഗർവാളുമാണ് ഗാനരംഗത്തിലുള്ളത്. സംഗീതസംവിധായകൻ തമൻ ഒരുക്കിയ ഗാനം വിശാൽ മിശ്രയും തമൻ എസും ശ്രുതി രഞ്ജനിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നിർമ്മൽ എം.ആർ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ചിത്രത്തിലെ ‘റിബൽ സാബ്’ എന്ന ഗാനത്തിന് പിന്നാലെയാണ് പ്രണയഗാനം പുറത്തുവിട്ടത്. മാരുതി സംവിധാനം ചെയ്യുന്ന ദി രാജാസാബ് ഹൊറർ കോമഡി ഫാന്റസി ചിത്രമാണ്. നിധി അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, മാളവിക മോഹൻ, റിദ്ധി കുമാർ എന്നിവരുമെത്തും. ജനുവരി ഒമ്പതിനാണ് റിലീസ്. പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെലുങ്കിന് പുറമേ മലയാളം ,തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും.

ഫാന്റസി ചിത്രം ‘കരിമി’യിൽ പുതുമുഖം ആർദ്ര സതീഷ് നായിക

ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നന്ദു പാലക്കാട് നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ‘കരിമി’ എന്ന ഫാന്റസി ചിത്രത്തിൽ പുതുമുഖം ആർദ്ര സതീഷ് നായികയാവുന്നു. ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി കഴിവുറ്റ അഭിനേതാക്കളും മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ചിത്രത്തിൽ അണിനിരക്കുന്നു. കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളെയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായാണ് എത്തുക. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കുന്ന ഈ സിനിമ, ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അത്ഭുതവും സാഹസികതയും സൗഹൃദവും ചേർത്തൊരുക്കുന്ന കരിമി എന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

കിയ ഇന്ത്യയുടെ ‘ഇൻസ്പയറിങ് ഡിസംബർ’ കാമ്പെയ്‌ൻ ആരംഭിച്ചു

2025 ഡിസംബറിൽ ‘ഇൻസ്പയറിങ് ഡിസംബർ’ എന്ന പേരിൽ കിയ ഇന്ത്യ രാജ്യത്തുടനീളം വിൽപ്പന കാമ്പെയ്ൻ ആരംഭിച്ചു. തിരഞ്ഞെടുത്ത കിയ കാറുകൾക്ക് 3.65 ലക്ഷം വരെ ആകർഷകമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിൽ സെൽറ്റോസ്, സോണെറ്റ്, സിറസ്, കാരൻസ് ക്ലാവിസ് (ഐസിഇ, ഇവി രണ്ടും), പ്രീമിയം കിയ കാർണിവൽ എന്നിവ ഉൾപ്പെടുന്നു. ഓരോ മോഡലും വ്യത്യസ്ത ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ കാമ്പെയ്‌നിന് കീഴിൽ കിയ ഇന്ത്യ നിരവധി ആനുകൂല്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്, അതിൽ ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ലോയൽറ്റി ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ഓഫറുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. പ്രീമിയം, സാങ്കേതികവിദ്യ സമ്പന്നമായ കിയ കാറുകൾ കൂടുതൽ താങ്ങാനാവുന്ന വിലയിലാക്കുക എന്നതാണ് ഈ ഓഫറുകളെല്ലാം ലക്ഷ്യമിടുന്നത്. ഈ ഓഫർ 2025 ഡിസംബർ വരെ സാധുവാണ്, സ്റ്റോക്ക് ലഭ്യതയും തിരഞ്ഞെടുത്ത വകഭേദവും അനുസരിച്ചായിരിക്കും ഇത്.

പ്രോട്ടീന്റെ മികച്ച പച്ചക്കറി ഉറവിടങ്ങൾ

ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. എല്ലുകൾ, പേശികൾ, ചർമ്മം, രക്തം എന്നിവയുടെ വളർച്ചയ്ക്ക് പ്രോട്ടീൻ നിർണായകമാണ്. മുട്ടയാണ് പ്രോട്ടീന്റെ മികച്ച ഉറവിടമായി കണക്കാക്കുന്നത്. എന്നാൽ മുട്ടയിൽ ഉള്ളതിനെക്കാള്‍ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികളുമുണ്ട്. നമ്മുടെ സാമ്പാറിലും കറികളിലുമൊക്കെ സ്ഥിരസാന്നിധ്യമായ മുരിങ്ങക്കായ പ്രോട്ടീൻ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയിൽ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാൽസ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. കൂണുകളിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കൂണിൽ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീൻ ലഭിക്കും. നിരവധി പോഷകങ്ങള്‍ അടങ്ങിയ ചീര പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പച്ച ചീരയും അതുപോലെ ചുവന്ന ചീരയുമൊക്കെ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ ചെയ്യും. ധാരാളം പ്രോട്ടീൻ അടങ്ങിയ ഒന്നാണ് കോളിഫ്ലവർ. പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിനുകൾ സി, കെ, ഇരുമ്പ് എന്നിവ കൂടാതെ സിനിഗ്രിനും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് പയർ വർഗങ്ങൾ. ഇവയ്ക്ക് കൊഴുപ്പും കൊളസ്‌ട്രോളും വളരെയധികം കുറവാണ്. മാംഗനീസ്, കോപ്പർ, ഫോസ്ഫറസ്, ഫോളേറ്റ്, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും കടല, പയർ വർഗങ്ങളിൽ ധാരാളമായുണ്ട്. ഒരു കപ്പ് വേവിച്ച പയറിൽ ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here