പ്രമുഖ മാധ്യമപ്രവർത്തക ലക്ഷ്മി പത്മ ന്യൂസ് മലയാളത്തിൽ നിന്ന് രാജിവച്ചു; പുതിയ ദൗത്യത്തിലേക്ക്
പ്രമുഖ മാധ്യമപ്രവർത്തക ലക്ഷ്മി പത്മ ന്യൂസ് മലയാളം ചാനലിലെ തന്റെ ഒന്നര വർഷത്തെ സേവനം അവസാനിപ്പിച്ച് രാജിവച്ചു. പുതിയൊരു ദൗത്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നും, കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും ലക്ഷ്മി പത്മ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ന്യൂസ് മലയാളം ചാനലിൻ്റെ തുടക്കം മുതൽ തന്നെ നിർണ്ണായക പങ്ക് വഹിച്ച ലക്ഷ്മി പത്മയുടെ രാജി മാധ്യമരംഗത്ത് ചർച്ചയായിട്ടുണ്ട്. സ്ഥാപനത്തിൽ നിന്ന് ഏറെ സംതൃപ്തിയോടെയാണ് വിടവാങ്ങുന്നതെന്നും, തൻ്റെ കരിയറിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടമായിരുന്നു കഴിഞ്ഞ ഒന്നരക്കൊല്ലമെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പുതിയ ദൗത്യത്തിലേക്ക്
ന്യൂസ് മലയാളത്തിലെ സൗഹൃദങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വാചാലയായ ലക്ഷ്മി പത്മ, തൻ്റെ ജീവിതത്തിലെ വളരെ അർത്ഥവത്തായ കാലമായി ഈ ഒന്നരക്കൊല്ലത്തെ ഹൃദയത്തോട് ചേർക്കുമെന്നും അറിയിച്ചു. രാജി പുതിയൊരു ദൗത്യത്തിൻ്റെ ഭാഗമാകാനാണെന്ന് സൂചന നൽകിക്കൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലക്ഷ്മി പത്മ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
ന്യൂസ് മലയാളത്തിൽ നിന്ന് രാജിവച്ചിറങ്ങുന്നു..
കഴിഞ്ഞ ഒന്നരക്കൊല്ലം എന്റെ കരിയറിലും ജീവിതത്തിലും വളരെ നിർണായകമായിരുന്നു . പുതുതായി തുടങ്ങുന്ന ഒരു ചാനലിന്റെ ഭാഗമാകാനും അതിനെ മലയാളത്തിൽ ഇന്ന് എല്ലാവരും അംഗീകരിക്കുന്ന ആധികാരിക ശബ്ദമാക്കാനും പ്രവർത്തിച്ചവരുടെ ഒപ്പം എനിക്കും കുറച്ച് കാലം യാത്ര ചെയ്യാൻ ആയതിൽ അഭിമാനവും സംതൃപ്തിയും.സന്തോഷത്തോടെ മാത്രമേ ഈ ഓഫീസിലേക്ക് ഞാൻ പഞ്ച് ചെയ്തു കയറിയിട്ടുള്ളൂ.തർക്കങ്ങളും വിയോജിപ്പുകളും ഒന്നും ആ കെട്ടിടത്തിന് വെളിയിലേക്ക് കൊണ്ട് പോകേണ്ടിയും വന്നിട്ടില്ല.ഓഫീസിൽ നിന്നും മനസമാധാനത്തോടെയും സംതൃപ്തിയോടെയും വന്നു കിടന്നുറങ്ങാൻ എനിക്ക് ഇക്കഴിഞ്ഞ ഓരോ ദിവസവും കഴിഞ്ഞിട്ടുണ്ട്.എല്ലാവിധ സ്വാതന്ത്ര്യത്തോടെയും വാർത്തയിൽ ഇടപെടാനും സംവദിക്കാനും പുതിയ ഉത്തരവാദിത്തങ്ങൾ തോളിൽ ഏറ്റാനും എല്ലാം ന്യൂസ് മലയാളത്തിൽ ഇടമുണ്ടായിരുന്നു.വാർത്തയുടെ ഒരു കടിഞ്ഞാണും കയ്യിലെടുക്കാത്ത ചെയർമാൻ ഷകിലൻ സാറും എംഡി സിദ്ദിഖ് സാറും ഞങ്ങൾ ജേർണലിസ്റ്റുകൾക്ക് വാർത്താ സ്വതന്ത്ര്യത്തിന്റെ പുതിയ ആകാശമാണ് ഒരുക്കുന്നത്.ആ ആകാശം വിടുമ്പോ ഉള്ളിൽ നിറയെ കൃതജ്ഞത ഉണ്ട് ..നിറവ് ഉണ്ട് ..സംതൃപ്തി ഉണ്ട്.ഇടയ്ക്കൊക്കെ വഴക്കിടും എങ്കിലും 😜ന്യൂസ് ഡയറക്ടർമാർ ഹർഷൻ ചേട്ടനും സനീഷേട്ടനും തന്ന സ്നേഹം.. പിന്തുണ ..സൗഹൃദം..എല്ലാം ന്യൂസ് മലയാളം ജീവിതത്തെ നിറവുള്ളതാക്കി.ഒരുപാട് ബലമുള്ള ആഴമുള്ള സൗഹൃദങ്ങൾ എന്നിലേക്ക് കൊണ്ട് വന്ന ഇടം കൂടി ആണ് ന്യൂസ് മലയാളം ❤️. ജീവിതത്തിലെ വളരെ അർത്ഥവത്തായ കാലമായി ഇക്കഴിഞ്ഞ ഒന്നരക്കൊല്ലത്തെ ഞാൻ ഹൃദയത്തോട് ചേർക്കും.എല്ലാവരോടും നന്ദി ..സ്നേഹം ❤️എനിക്ക് വളരെ ഇഷ്ട്മുള്ള ഈ ജോലിയിൽ പുതിയൊരു ചുമതല വഹിക്കാൻ..പുതിയൊരു ദൗത്യത്തിന്റെ ഭാഗം ആകാനാണ് ഈ രാജി എന്ന് കൂടി പറയട്ടെ..ബാക്കി ഒക്കെ പിന്നാലെ പറയാം…
കടപ്പാട്: ലക്ഷ്മി പത്മ / ഫേസ്ബുക്ക്
































