കൊട്ടാരക്കര. മാനേജരുടെ സഹോദരിക്കായി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്കൂളിനെ ദുരുപയോഗം ചെയ്യുന്നു എന്ന് പരാതി. കൊല്ലം ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസിനെതിരെ സിപിഐഎം കൊല്ലം ജില്ലാ കളക്ടർക്ക് പരാതി നൽകി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചും പണപ്പിരിവ് നടത്തണമെന്ന് ആവശ്യപ്പെട്ടും സ്കൂൾ ഗ്രൂപ്പിൽ പ്രധാന അധ്യാപിക പങ്കുവച്ച ശബ്ദ സന്ദേശങ്ങൾ പുറത്ത്
കൊല്ലം ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. മീര ആർ നായർക്ക് വേണ്ടിയാണ് സ്കൂളിൻ്റെ പ്രചരണം. ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസിലെ മാനേജരുടെ സഹോദരിയാണ് മീരാ ആർ. നായർ. സ്ഥാനാർത്ഥിക്കുള്ള ചെലവുകൾക്കായി സ്കൂൾ അധ്യാപകർ പണം നൽകണമെന്നാണ് പ്രധാനാധ്യാപകയുടെ ഒരു ശബ്ദ സന്ദേശം
ക്ലാസിലെ എല്ലാ കുട്ടികളെയും വിളിച്ച് രക്ഷകർത്താക്കളുടെ വോട്ടുറപ്പിക്കണം എന്നും ക്ലാസ് ടീച്ചർമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്
സ്കൂൾ മാനേജ്മെന്റിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ കളക്ടർക്ക് പരാതി നൽകി. സി. പി. ഐ എം കുന്നിക്കോട് ഏരിയ സെക്രട്ടറി മുഹമ്മദ് അസ്ലം ആണ് പരാതിക്കാരൻ.

































