കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് കോടതി കുറ്റപത്രം നൽകി.
പ്രത്യേക കോടതിയുടെ ചുമതലയുള്ള ജഡ്ജി എം.സി. ആൻ്റണിയാണ് ക്രൈംബ്രാഞ്ച് ഫയൽ ചെയ്ത കേസിൽ കുറ്റപത്രം നൽകിയത്.
കുറ്റപത്രം നൽകുന്ന ദിവസമായ ഇന്നലെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി പ്രത്യേക നിർദേശവും നൽകിയിരുന്നു.
എന്നാൽ ഒമ്പത് പ്രതികൾ ഹാജരായില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് ഇവർ അവധിക്ക് അപേക്ഷയും നൽകിയിരുന്നു. എന്നാൽ ഹാജരാകാത്ത പ്രതികൾക്ക് എതിരേ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു.
കേസിൽ ഒന്നു മുതൽ 15 വരെ പ്രതികൾ ക്ഷേത്ര കമ്മിറ്റിക്കാരാണ്. 16 മുതൽ 20 വരെ പ്രതികൾ ഉത്സവ കമ്പക്കാരാണ്. 21-ാം പ്രതി കമ്പത്തിന് നേതൃത്വം നൽകിയ ആളാണ്.
22 മുതൽ 55 വരെ പ്രതികൾ കമ്പക്കാരുടെ ജോലിക്കാരാണ്. 56-ാം പ്രതി സമീപത്തെ ശാർക്കര ക്ഷേത്രത്തിലെ കമ്മിറ്റി പ്രസിഡൻ്റുമാണ്.
57 മുതൽ 59 വരെ പ്രതികൾ സ്ഫോടക വസ്തുക്കൾ മൊത്തക്കച്ചവടം നടത്തിയവരാണ്. ഇവർ മൂന്നുപേരെയും കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികളിൽ 13 പേർ മരണപ്പെട്ടു. 33-ാം പ്രതി ഒളിവിലാണ്. ബാക്കിയുള്ള 42 പ്രതികളിൽ ഇന്നലെ ഹാജരായ 33 പേർക്കാണ് കോടതി കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. പി. ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.
































