കൊല്ലം .വിൽപ്പനയ്ക്കായി എത്തിച്ച 11.910 കിലോ ഗഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിലായി. കണ്ണനല്ലൂർ, നോർത്ത് മൈലക്കാട്, കമല സദനം വീട്ടിൽ ബാലചന്ദ്രൻ മകൻ സുഭാഷ് ചന്ദ്രൻ(27), ചാത്തന്നൂർ മീനാട് വില്ലേജിൽ ഇത്തിക്കര, വയലിൽ പുത്തൻവീട്ടിൽ രാജു മകൻ രാഹുൽ(23) എന്നിവരെ ആണ് കൊല്ലം എ.സി.പി ഷെരിഫിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തി കൊല്ലം ജില്ലയിൽ ചില്ലറ വിൽപ്പനയ്‌ക്കെത്തിച്ച ഗഞ്ചാവാണ് പിടികൂടിയത്.
ഇവർ അന്യസംസ്ഥാനത്ത് നിന്ന് ഗഞ്ചാവ് എത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയിലാണ് ഗഞ്ചാവുമായി പിടിയിലാകുന്നത്. എസ്.ഐ രഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.






































