◾പുതിയ മൊബൈലുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം. സഞ്ചാര്‍ സാഥി ആപ്പ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിഗ് ബ്രദറിന് എല്ലാം അറിയാനുള്ള നീക്കമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പ്രതികരിച്ചു.
◾ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. പൗരന്റെ സ്വകാര്യതയ്ക്ക് മേലുള്ള ഗൗരവകരമായ കടന്നു കയറ്റമാണിതെന്നും പൗരന്മാരുടെ തലയില്‍ ചിപ്പ് ഘടിപ്പിക്കാന്‍ കൂടിയേ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു നിരീക്ഷണ രാഷ്ട്രമായി മാറുകയാണെന്നും പെഗാസസ് ഒക്കെ ചെലവ് ഉള്ള പരിപാടി എന്ന് തിരിച്ചറിഞ്ഞാണ് 120 കോടി ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് സ്ഥാപിക്കാന്‍ ഉള്ള തീരുമാനമെന്നും എം പി പറഞ്ഞു.
◾ പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ സഹകരിക്കില്ലെന്ന് ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി. ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക പ്രതികരണം ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ ആപ്പിള്‍ കമ്പനി നേരിട്ടറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
◾ സഞ്ചാര്‍ സാഥി ആപ്പില്‍ വ്യക്തത വരുത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്നും സൈബര്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടിയെന്നും ആപ്പിന്റെ കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
◾ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം പാര്‍ലമെന്റില്‍ സര്‍ക്കാര്‍ തള്ളി. 48 ബിഎല്‍ഒമാര്‍ മരിച്ച് വീണെന്നും ഇന്ന് തന്നെ ചര്‍ച്ച വേണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. പഴയ ചെയര്‍മാനെ പോലെ ഭരണപക്ഷത്തെ മാത്രം പരിഗണിച്ചാല്‍ പോരെന്ന് ഖര്‍ഗെ സിപി രാധാകൃഷ്ണന് മുന്നറിയിപ്പും നല്‍കി. തുടര്‍ന്ന് സഭ നേതാവ് ജെപി നദ്ദയോട് മറുപടി നല്‍കാന്‍ സിപി രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച ചെയ്ത് സമയം നിശ്ചയിക്കാമെന്ന് നദ്ദ പറഞ്ഞു. എന്നാല്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു തിരുത്തി. കാര്യോപദേശക സമിതി നിര്‍ദ്ദേശം പോലെ ചര്‍ച്ച നടക്കുമെന്നും മന്ത്രി പറഞ്ഞു.
◾ കാട്ടാക്കട നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ബ്രഹ്‌മോസ്, എസ് എസ് ബി, ദേശീയ ഫോറന്‍സിക് സര്‍വകലാശാല എന്നിവയ്ക്കാണ് 257 ഏക്കര്‍ ഭൂമി അനുവദിക്കുക. ആകെയുള്ള 457 ഏക്കറില്‍ 200 ഏക്കര്‍ ഭൂമി ജയിലിന്റെ ആവശ്യങ്ങള്‍ക്കായി നിലനിര്‍ത്തും.തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ കോടതി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
◾കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസില്‍ നിന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയേയും ഒഴിവാക്കി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസില്‍ പ്രതി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതി നേരിട്ട് കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. മേയറെ പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
◾ ബലാത്സംഗ കേസില്‍ നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. അടച്ചിട്ട കോടതി മുറിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജി നല്‍കിയത്.
◾ ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ വരെ രാഹുല്‍ ഇവിടെയായിരുന്നുവെന്നും അതിന് ശേഷം കര്‍ണാടകയിലേക്ക് കടന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒളിവിലുള്ള രാഹുല്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നതായും കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവടങ്ങളിലും താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
◾ പാലക്കാട് തുടരുന്ന എസ്ഐടി സംഘം വീണ്ടും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെത്തി കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ കെയര്‍ടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്ഐടി. ഇക്കാര്യങ്ങളിലടക്കം കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായാണ് കെയര്‍ ടേക്കറുടെ മൊഴിയെടുത്തത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഫ്ലാറ്റില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുല്‍ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റില്‍ എത്തിയതിനെ കുറിച്ച് അറിയില്ലെന്നുമാണ് കെയര്‍ടേക്കറുടെ മൊഴി.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്റെ വീട്ടിലാണെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവന്‍. സിപിഎം നേതൃത്വം പൊലീസിനെ നിയന്ത്രിക്കുന്നുണ്ടോയന്ന് സംശയമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും പ്രശാന്ത് ശിവന്‍ ആരോപിച്ചു. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സഹായിക്കുകയാണെന്നും രാഹുലിനെ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.
◾ നിരാഹാര സമരം ആരംഭിച്ച രാഹുല്‍ ഈശ്വറെ സെന്‍ട്രല്‍ ജയിലിലെ ഡോക്ടര്‍ പരിശോധിക്കും. ഡോക്ടര്‍ ജില്ലാ ജയിലില്‍ എത്തിയാണ് പരിശോധിക്കുക. ആരോഗ്യ നില വിലയിരുത്തിയായിരിക്കും പിന്നീടുള്ള തീരുമാനം. വെള്ളം കുടിക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നു ജയില്‍ അധികൃതര്‍ പറയുന്നു. അതേസമയം, രാഹുല്‍ ഈശ്വര്‍ നാളെ ജാമ്യാപേക്ഷ നല്‍കും.
◾ അതീജീവിതയെ രാഹുല്‍ ഈശ്വര്‍ അപമാനിച്ചിട്ടില്ലെന്നും, സ്റ്റേഷനില്‍ ഹാജരാകാന്‍ രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ വാക്കുകള്‍ പലരും പല രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നെന്നും ആവര്‍ത്തിച്ച് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. പൊലീസ് വീട്ടില്‍ വന്നപ്പോള്‍ നോട്ടീസ് തന്നിരുന്നില്ല എന്നാല്‍, നോട്ടീസ് തന്നിട്ടും കൈപ്പറ്റാന്‍ വിസമ്മതിച്ചതായാണ് പൊലീസ് ഇന്നലെ കോടതിയില്‍ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണെന്നും തുടര്‍നടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറഞ്ഞു.
◾ ടെലിവിഷന്‍ ചാനലുകളുടെ വ്യൂവര്‍ഷിപ് നിര്‍ണയിക്കുന്ന ബാര്‍ക്ക് ഡാറ്റയില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പൊലീസ് കേസെടുത്തു. 24 ന്യൂസ് ചാനല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ബാര്‍ക്ക് സീനിയര്‍ മാനേജര്‍ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ രണ്ടാം പ്രതിയുമായി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
◾ ശബരിമല സ്വര്‍ണകൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ നേതാക്കളുണ്ടെന്നും വന്‍ ഗൂഢാലോചനയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണകൊള്ള മറച്ചുവെക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യുമെന്നും സ്വര്‍ണം മോഷ്ടിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയോ വാസുവോ മാത്രമാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പര്‍ദ്ധ പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ യു ട്യൂബര്‍ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പൊലീസ് പരിശോധന. ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് പരിശോധന. കോടതിയുടെ സേര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഷാജഹാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പര്‍ദ്ധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ് ശ്രീജിത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ശ്രീജിത്തിന് പങ്കുണ്ടെന്നായിരുന്നു ഷാജഹാന്റെ വീഡിയോയുടെ ഉള്ളടക്കം. ഇതിനെതിരെ ശ്രീജിത്ത് നല്‍കിയ പരാതിയിലാണ് പരിശോധന.
◾ കെഎസ്ആര്‍ടിസിയ്ക്ക് ഇന്നലെ നേടാനായത് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. ടിക്കറ്റിതര വരുമാനമായ 77.9 ലക്ഷം രൂപ ഉള്‍പ്പെടെ 10.5 കോടി രൂപയാണ് ഇന്നലെ നേടിയത്. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കെഎസ്ആര്‍ടിസി നേടിയത്.
◾ കഠിനംകുളത്ത് പ്രചാരണം കഴിഞ്ഞെത്തിയ സ്ഥാനാര്‍ഥിയെയും ഭര്‍ത്താവിനേയും അക്രമിക്കാന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. കഠിനംകുളം സ്വദേശികളായ ആദികേശവ്(19), സന്ദീപ്(19), ഹരീഷ്ബാബു(29) എന്നിവരാണ് അറസ്റ്റിലായത്. പുതുക്കുറുച്ചി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എയ്ഞ്ചലിനെയും ഭര്‍ത്താവിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.
◾ കോഴിക്കോട് കാരശ്ശേരി ബാങ്കില്‍ ഭരണം പിടിക്കാന്‍ വഴിവിട്ട നീക്കങ്ങളെന്ന പരാതിയെ തുടര്‍ന്ന് ഭരണസമിതി മരവിപ്പിച്ചു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലാക്കി. രാത്രിയില്‍ ആരുമറിയാതെ 829 മെമ്പര്‍മാരെ ബാങ്കില്‍ ചേര്‍ക്കാനുള്ള നീക്കം വിവാദമായിരുന്നു. ബാങ്ക് ചെയര്‍മാന്റെ പിന്തുണയോടെ ഭരണം പിടിക്കാനാണ് സിപിഎം നീക്കമെന്നാണ് യുഡിഎഫിന്റെ ആരോപണം. കെപിസിസി അംഗം എന്‍കെ അബ്ദുറഹ്‌മാന്‍ ആണ് ബാങ്കിന്റെ ചെയര്‍മാന്‍. മെമ്പര്‍മാരെ ചേര്‍ക്കാന്‍ തങ്ങളുടെ ഐഡിയും പാസ് വേഡും ദുരുപയോഗം ചെയ്തെന്നാണ് ജീവനക്കാരുടെ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
◾ കാപ്പാ കേസ് പ്രതിക്ക് ഉള്‍പ്പെടെ വിവരം ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിക്കുന്ന രീതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവരം ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍.
◾അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങി. രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനമുണ്ട്. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ചു മണിക്കാണ് ഖബറടക്കം.
◾ തൃശൂരില്‍ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂര്‍ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46) , മകന്‍ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവര്‍ക്കാണ് കുത്തേറ്റ് സാരമായി പരിക്കേറ്റത്. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തമിഴ് നാട്ടിലേയ്ക്കു കടന്ന അക്രമിയ്ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. മുന്‍പും ജില്‍സണ്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജില്‍സണ്‍ ജയിലിലായത്.
◾ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 12 വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചി – ചെന്നൈ വിമാനവും റദ്ദാക്കിയ വിമാസ സര്‍വീസുകളില്‍ ഉള്‍പ്പെടുന്നു. ചെന്നൈ ഉള്‍പ്പെടുന്ന വടക്കന്‍ തമിഴ്നാട്ടില്‍ ഇന്നും മഴ തുടരുമെന്നാണ് അറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം അടക്കം 7 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും പുലര്‍ച്ചയോളം പല സ്ഥലങ്ങളിലും മഴ തുടര്‍ന്നു. രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പും നല്‍കിയിരുന്നു.
◾ ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിന് പിന്നാലെ പഞ്ചാബ് സ്വദേശിയായ യുവാവിനെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നും അറസ്റ്റ് ചെയ്തു. പ്രകാശ് സിങ് ആണ് അറസ്റ്റിലായത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് അതിര്‍ത്തിയിലെ സുപ്രധാന വിവരങ്ങള്‍ പാക് ചാര സംഘടനയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
◾ കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം 69 ലോഞ്ച് പാഡുകളിലായി 120 ഭീകരര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം ഘട്ടത്തിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് ഭീകരര്‍ മാറിയിരുന്നു. ഭീകരരുടെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറ്റത്തിന് ശ്രമമുണ്ടായാല്‍ കര്‍ശന നടപടിക്കാണ് തീരുമാനമെന്നും ജമ്മു കശ്മീരിന്റെ ചുമതലയുള്ള ബിഎസ്എഫ് ഐജി അശോക് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
◾ ഡിറ്റ്വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ ഇന്ത്യ അതിവേഗം അനുമതി നല്‍കി. എന്നാല്‍ പാകിസ്ഥാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഉന്നതരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളില്‍, ഈ വിമാനത്തിന് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ ഇന്ത്യ അനുമതി നിഷേധിച്ചെന്നായിരുന്നു വാര്‍ത്ത. ഇതിനെ ശക്തമായ ഭാഷയില്‍ ഇന്ത്യ അപലപിച്ചു.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നില മികച്ചതെന്ന് വൈറ്റ് ഹൗസിലെ ആരോഗ്യ വിദഗ്ധര്‍. എംആര്‍ഐ പരിശോധനകള്‍ക്ക് ശേഷമാണ് വൈറ്റ്ഹൗസ് ഡോക്ടര്‍മാരുടെ പ്രതികരണം. 79കാരനായ ട്രംപിന്റെ ഹൃദയം, വയറ് എന്നിവയുടെ വിശദമായ പരിശോധനാഫലമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. പ്രസിഡന്റ് പൂര്‍ണ ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട കാര്യങ്ങളില്ലെന്നുമാണ് വൈറ്റ് ഹൗസ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.
◾ അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍. അമേരിക്കയുടെ പുതിയ വിസാ നയമാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് വെള്ളിയാഴ്ച വാഷിംഗ്ടണിലാണ്. ലോകകപ്പിന് യോഗ്യത നേടിയ ഇറാന്റെയും ഹെയ്തിയുടെയും പ്രതിനിധി സംഘങ്ങള്‍ക്ക് വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. നറുക്കെടുപ്പ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇറാന്‍ നിലപാട് വ്യക്തമാക്കി.
◾ രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം നവംബര്‍ മാസത്തിലും 1.70 ലക്ഷം കോടി രൂപ കടന്നു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നികുതി നിരക്കുകളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, നികുതി പിരിവില്‍ കാര്യമായ ഇടിവുണ്ടാകാത്തത് ആശ്വാസമായി. 2025 നവംബറിലെ മൊത്തം ജിഎസ്ടി വരുമാനം 1,70,276 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 0.7% വര്‍ധനവാണിത്. അതേ സമയം ഒക്ടോബറിലെ മൊത്തം നികുതി പിരിവ് 1.95 ലക്ഷം കോടിയായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മൊത്തം നികുതി വരുമാനം 14,75,488 കോടി എത്തി. 8.9% വളര്‍ച്ചയാണിത്. നവംബറിലെ മൊത്തം ജിഎസ്ടി വരുമാനത്തില്‍, ആഭ്യന്തര നികുതി പിരിവ് 2.3% കുറഞ്ഞ് 1,24,300 കോടിയിലെത്തി. എന്നാല്‍, ഇറക്കുമതിയിലൂടെയുള്ള ജിഎസ്ടി വരുമാനം മികച്ച നേട്ടമുണ്ടാക്കി. ഇറക്കുമതിയില്‍ നിന്നുള്ള മൊത്ത വരുമാനം 45,976 കോടി ആണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.2% വളര്‍ച്ചയാണിത്. നികുതി പിരിവില്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ മികച്ച വളര്‍ച്ച നേടിയപ്പോള്‍, മറ്റു ചില സംസ്ഥാനങ്ങളില്‍ ഇടിവുണ്ടായി.
◾ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ പുതിയ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സഞ്ചാര്‍ സാഥി ആപ്പ് നിരവധി സേവനങ്ങളാണ് നല്‍കുന്നത്. ഫോണിലും വാട്‌സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്യും. നഷ്ടപ്പെടുന്ന ഫോണ്‍ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നല്‍കിയാല്‍ ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ ബ്ലോക് ആകും. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് നീക്കാം. ഉപയോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആരെങ്കിലും മറ്റ് മൊബൈല്‍ കണക്ഷനുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാം. വാങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. വാങ്ങും മുന്‍പ് തന്നെ ഇവയുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ വാലിഡ് ആണോയെന്ന് നോക്കാം. ഇന്ത്യന്‍ നമ്പറുകളുടെ മറവില്‍ വിദേശ കോളുകള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
◾ സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാര്‍ക്കറ്റിംഗ് അവതരിപ്പിക്കുന്ന ‘ദശാവതാരം’ മലയാളം പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബര്‍ 12 ന് ആണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. സുബോധ് ഖാനോല്‍ക്കര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ഓഷ്യന്‍ ഫിലിം കമ്പനി, ഓഷ്യന്‍ ആര്‍ട്ട് ഹൌസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സുജയ് ഹാന്‍ഡെ, ഓങ്കാര്‍ കേറ്റ്, സുബോധ് ഖനോല്‍ക്കര്‍, അശോക് ഹാന്‍ഡെ, ആദിത്യ ജോഷി, നിതിന്‍ സഹസ്രബുധെ, മൃണാള്‍ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് മാക്സ് മാര്‍ക്കറ്റിംഗ് ബാനറില്‍ ഉമേഷ് കുമാര്‍ ബന്‍സാല്‍, ബവേഷ് ജനവ്ലേക്കര്‍, വരുണ്‍ ഗുപ്ത. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ തീയേറ്റര്‍ റിലീസായെത്തുന്നത്. ദിലീപ് പ്രഭാവല്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ഭരത് ജാദവ്, സിദ്ധാര്‍ത്ഥ് മേനോന്‍, പ്രിയദര്‍ശിനി ഇന്‍ഡാല്‍ക്കര്‍, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെര്‍ഡെ, സുനില്‍ തവാഡെ, ആരതി വഡഗ്ബാല്‍ക്കര്‍, ലോകേഷ് മിത്തല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
◾ കണ്ണൂര്‍ കഫേയുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. കണ്ണൂര്‍ കഫേയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. തരുണ്‍ സുധാകരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും കളറിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരമ്പരയായ ‘കണ്ണൂര്‍ കഫേ’യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണന്‍ പഴശ്ശി, ശശിധരന്‍ മട്ടന്നൂര്‍, ബിജൂട്ടന്‍ മട്ടന്നൂര്‍, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നീവരാണ് ‘ദി ലേറ്റ് കുഞ്ഞപ്പ’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ നാട്ടിന്‍പുറത്തെ നിരവധി സാധാരണക്കാരായ കലാകാരന്‍മാരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. സംഗീതം വിനയ് ദിവാകരന്‍, സൗണ്ട് ഡിസൈന്‍ ചരണ്‍ വിനായക്, സൗണ്ട് മിക്‌സിംഗ് സി എം സാദിക്, കഥ രാധാകൃഷ്ണന്‍ തലച്ചങ്ങാട്, ഗായകര്‍ മാതന്‍, ധനഞ്ജയ് ആര്‍ കെ, ഗാനരചന കാവേരി കല്‍ഹാര്‍. ചിത്രീകരണം പൂര്‍ത്തിയായ ‘ദി ലേറ്റ് കുഞ്ഞപ്പ’ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
◾ രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് 2025 നവംബറില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ കാലയളവില്‍ ടാറ്റ കാറുകള്‍ ഏകദേശം 60,000 പുതിയ ഉടമകളെ നേടി. ആഭ്യന്തര വില്‍പ്പന ശക്തമായി തുടരുമ്പോള്‍ തന്നെ കയറ്റുമതി കണക്കുകളില്‍ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായി. വിദേശത്ത് ടാറ്റ വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് ഇതിന് ഒരു പ്രധാന കാരണമാണ്. പെട്രോള്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഹാരിയറും സഫാരിയും ഡിസംബര്‍ 9 ന് പുറത്തിറങ്ങും. വില്‍പ്പനയുടെ കാര്യത്തില്‍, ടാറ്റ മോട്ടോഴ്‌സ് 2025 നവംബറില്‍ ആകെ 59,199 യൂണിറ്റുകള്‍ വിറ്റു. ആഭ്യന്തര വില്‍പ്പന 22 ശതമാനം വര്‍ധിച്ച് 57,436 യൂണിറ്റുകളായി. വാര്‍ഷികാടിസ്ഥാനത്തില്‍, ആഭ്യന്തര, കയറ്റുമതി വില്‍പ്പനയില്‍ കമ്പനി 25.64 ശതമാനം വളര്‍ച്ച കൈവരിച്ചു. കയറ്റുമതി പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ നവംബറില്‍ ടാറ്റ വെറും 54 യൂണിറ്റുകള്‍ മാത്രമാണ് കയറ്റുമതി ചെയ്തത്. എന്നാല്‍ ഈ വര്‍ഷം, ഈ കണക്ക് 1,763 യൂണിറ്റുകളായി വര്‍ദ്ധിച്ചു. ഇത് 3,164 ശതമാനത്തിലധികം വന്‍ വര്‍ധനവാണ്.
◾ ഭൂമിയോടും പ്രകൃതിയോടും ജീവനോടുമുള്ള മനുഷ്യരാശിയുടെ ധാര്‍മ്മിക ഉത്തരവാദിത്വമെന്തെന്നു വിവരിക്കുന്ന കാലാതീതമായ കൃതിയാണ് ആല്‍ഡോ ലിയോപോള്‍ഡിന്റെ ‘എ സാന്‍ഡ് കൗണ്ടി അല്‍മനാക്ക്’. പ്രകൃതിനിരീക്ഷകന്റെ കരുതലും കവിയുടെ കവനചാരുതയും ഒത്തുചേരുന്ന ഭാഷയിലാണ് ലിയോപോള്‍ഡ് ഈ കൃതി രചിച്ചിരിക്കുന്നത്. ‘ഭൂധാര്‍മ്മികത’ എന്ന മൗലികമായ ആശയം അവതരിപ്പിക്കുന്ന ഈ കൃതി, പരിസ്ഥിതിമേഖലയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കായി കണക്കാക്കപ്പെടുന്നു. ഭൂമിക്കായി ഒരു പ്രകൃത്യുപാസകന്‍ 1949-ല്‍ രചിച്ച കുറിപ്പുകള്‍. ‘ഭൂമിയുടെ ഓര്‍മ്മക്കുറിപ്പുകള്‍’. പരിഭാഷ – പി.പി.കെ. പൊതുവാള്‍. മാതൃഭൂമി. വില 331 രൂപ.
◾ കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഭക്ഷണത്തിന്റെ സമയക്രമവും. രാത്രി എട്ട് മണിക്കുള്ളില്‍ അത്താഴം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനു ശേഷം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കാം. വൈകുന്നേരമാകുമ്പോഴേക്കും ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലാകും. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്നതിനും കാരണമാകും. കൂടാതെ ഹോര്‍മോണ്‍ ബാലന്‍സും തകിടം മറിക്കാന്‍ ഇടയാക്കും. ഉറക്കത്തിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കും. ഇത് ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും. ശരീരം വിശ്രമിക്കുമ്പോഴാണ് മൊലാറ്റോണിന്‍ ഉല്‍പ്പാദനം തുടങ്ങിയ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്ന നിരവധി പ്രക്രിയകള്‍ നടക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും. ഇത് നിങ്ങളുടെ ശരീരത്തെ കൊഴുപ്പ് സംഭരണ അവസ്ഥയില്‍ നിലനിര്‍ത്തും. ഒപ്പം വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിനും ഗ്രെലിനും ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തും. മോശം ഉറക്കവും ഹോര്‍മോണ്‍ തകരാറുകളും വിശപ്പ് നിയന്ത്രണത്തെ ബാധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ദഹന പ്രകിയകളുടെ തകറാരിലേക്കും എത്തിക്കും. അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം വീക്കമാണ്. സ്ഥിരമായി അത്താഴം വൈകി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും വീക്കം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ വയറു വീര്‍ക്കല്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്നീ അവസ്ഥകളുള്ള 80 ശതമാനം ആളുകള്‍ക്കും ആശ്വാസം ലഭിച്ചതായി ക്ലിനിക്കല്‍ ആന്റ് എക്‌സ്പിരിമെന്റല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളൊജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
◾ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 89.86, പൗണ്ട് – 118.72, യൂറോ – 104.36, സ്വിസ് ഫ്രാങ്ക് – 111.74, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.92, ബഹറിന്‍ ദിനാര്‍ – 238.39, കുവൈത്ത് ദിനാര്‍ -292.67, ഒമാനി റിയാല്‍ – 233.70, സൗദി റിയാല്‍ – 23.94, യു.എ.ഇ ദിര്‍ഹം – 24.40, ഖത്തര്‍ റിയാല്‍ – 24.54, കനേഡിയന്‍ ഡോളര്‍ – 64.21.






































