ഭരണിക്കാവ്: ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയുള്ള ചീത്തവിളിയെ തുടർന്നുണ്ടായ വെല്ലുവിളി ഏറ്റുമുട്ടലിൽ കലാശിച്ചു. ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇന്ന് വൈകുന്നേരം പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സംയോജിത ഇടപെടലാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
പുന്നമുട് സ്കൂളിലെ ഒരു പ്ലസ് വൺ വിദ്യാർഥി ഇൻസ്റ്റഗ്രാം ഗ്രൂപ്പിലൂടെ പതാരം പ്ലസ് വൺ വിദ്യാർഥിയെ ചീത്ത വിളിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. . ഇതിന് പിന്നാലെ ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് തർക്കം ‘തീർക്കാമെന്ന്’ തിരിച്ച് വെല്ലുവിളിക്കുകയും ചെയ്തു. പതാരത്തുനിന്നും മുതിർന്നവരടക്കം ഉൾപ്പെടുന്ന ഒരു കൂട്ടം വിദ്യാർഥികൾ കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ എത്തിയത്.
പരസ്പരം ഏറ്റുമുട്ടിയ വിദ്യാർഥികൾ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഓടയിൽ വീണും വാരിവലിച്ച് തല്ലുകൂടുന്ന ഭീകരമായ കാഴ്ചയാണ് യാത്രക്കാർക്ക് കാണേണ്ടി വന്നത്. സംഘർഷത്തിനിടെ വിദ്യാർഥികളുടെ കയ്യിലുണ്ടായിരുന്ന കത്തി ബസ് ജീവനക്കാർ ഇടപെട്ട് കൈക്കലാക്കുകയായിരുന്നു.
സ്ഥിരം സംഘർഷവേദിയായി ഭരണിക്കാവ് ബസ് സ്റ്റാൻഡ്
ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സംഘർഷം പതിവാകുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിന്റെ ജനൽച്ചില്ലുകൾ തകർത്തിരുന്നു.
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രാവിലെയും വൈകുന്നേരവും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും പോലീസ് സാന്നിധ്യമില്ലാത്തത് വലിയ സുരക്ഷാ വീഴ്ചയായി മാറുന്നുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ഇക്കാര്യത്തിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും, ബസ് സ്റ്റാൻഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ തീരെ മോശമാണെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
































