ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ ഏഴ് കോടിയിലേറെ രൂപ കവര്‍ച്ചാസംഘം കൊള്ളയടിച്ചു. ആദായി നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു കവര്‍ച്ച.
ബുധനാഴ്ച ജെപി നഗറിലെ എച്ച്ഡിഎഫ്‌സി ബാങ്കില്‍നിന്നും ജീവനക്കാര്‍ പണവുമായി സ്വകാര്യ കമ്പനിയുടെ വാനില്‍ എടിഎമ്മിലേക്ക് പോകുകയായിരുന്നു. അശോക പില്ലറിന് സമീപമെത്തിയപ്പോള്‍ ടൊയോറ്റ കാറില്‍വന്ന സംഘം വാനിന് കുറകെനിര്‍ത്തി. ആദായ നികുതി ഉദ്യോഗസ്ഥരാണെന്നും രേഖകള്‍ പരിശോധിക്കണമെന്നും സംഘം ജീവനക്കാരോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ പ്രതികരിക്കുന്നതിന് മുന്‍പേ കവര്‍ച്ചാസംഘം പണത്തോടൊപ്പം അവരുടെ ഇന്നോവ കാറിലേക്ക് ബലംപ്രയോഗിച്ച് കയറ്റി. അതിനുശേഷം, സംഘം ഡയറി സര്‍ക്കിള്‍ ഭാഗത്തേക്ക് പോവുകയും, അവിടെവെച്ച് വാനിലെ ജീവനക്കാരെ വഴിയില്‍ ഇറക്കിവിട്ട് പണവുമായി രക്ഷപ്പെടുകയുമായിരുന്നു. സിസിടിവി ഇല്ലാത്ത സ്ഥലത്താണ് കവര്‍ച്ച നടന്നത്. സൗത്ത് ഡിവിഷന്‍ പൊലീസ് പ്രത്യേകസംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരെ ചോദ്യംചെയ്ത് വരികയാണ്.
































