നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിനുള്ള നടപടിക്രമം പാലിക്കണം – ജില്ലാ കലക്ടര്‍

Advertisement

നിശ്ചിത മാനദണ്ഡങ്ങള്‍പാലിച്ച് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്.
നാമനിര്‍ദേശ പത്രികകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വരണാധികാരി/ ഉപവരണാധികാരിക്ക് നവംബര്‍  14 മുതല്‍ 21 വരെ രാവിലെ 11 നും വൈകുന്നേരം 3 നും മധ്യേ സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികയും അനുബന്ധ ഫോമുകളും അതത് വരണാധികാരി/ ഉപവരണാധികാരിയുടെ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി മൂന്ന് സെറ്റ് ഫോം വരെ സമര്‍പ്പിക്കാം.

* ഫോം 2 ല്‍ ഉള്ള നാമനിര്‍ദേശപത്രികയോടൊപ്പം ഫോം 2A കൂടി സമര്‍പ്പിക്കണം.
നാമനിര്‍ദേശ കൃത്യമായി പൂരിപ്പിച്ച് സ്ഥാനാര്‍ഥി, സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യുന്ന ആള്‍ എന്നിവര്‍ ഒപ്പിട്ടിരിക്കണം.
* സ്ഥാനാര്‍ഥി  താന്‍ മത്സരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡ് /ഡിവിഷനിലെ  വോട്ടര്‍ ആയിരിക്കണം.  മറ്റ് വാര്‍ഡ് /ഡിവിഷനില്‍ ആണ് മത്സരിക്കുന്നതെങ്കില്‍ പേര് ഉള്‍പ്പെട്ട വോട്ടര്‍പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം.
* സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യുന്ന ആള്‍ അതെ  വാര്‍ഡ് /ഡിവിഷനിലെ    വോട്ടര്‍ ആയിരിക്കണം .
* നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന ഫോം 2A യില്‍ സ്ഥാനാര്‍ത്ഥിയുടെ സ്വത്ത്, ആസ്തി ബാധ്യത, കേസ് ഉണ്ടെങ്കില്‍  വിവരം ഉള്‍പ്പെടെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്
നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെച്ച തുകയുടെ രസീത്  ഹാജരാക്കണം . സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെക്കേണ്ട തുക: ഗ്രാമപഞ്ചായത്ത് -2000 രൂപ, ബ്ലോക്ക് പഞ്ചായത്ത് -4000 രൂപ, ജില്ലാ പഞ്ചായത്ത് -5000 രൂപ, മുന്‍സിപ്പാലിറ്റി -4000 രൂപ, കോര്‍പ്പറേഷന്‍ -5000 രൂപ  എന്നിങ്ങനെയാണ്. തുക ഇപ്പോള്‍ കെ-സ്മാര്‍ട്ട് വഴിയും അടയ്ക്കാം.
* പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ സംവരണ സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്  നാമനിര്‍ദേശ പത്രികയോടൊപ്പം ഹാജരാക്കണം .
* പട്ടിക ജാതി / പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെക്കേണ്ടുന്ന തുകയില്‍ 50 % ഇളവ് ലഭിക്കും.  ജനറല്‍ സീറ്റില്‍ മത്സരിക്കുന്ന  പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ സ്ഥാനാര്‍ത്ഥികള്‍ ഇളവ് ആവശ്യമുണ്ടെങ്കില്‍ ജാതി  സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം .
*നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കുന്ന അവസരത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി/ ഉപവരണാധികാരി മുന്‍പാകെ സത്യപ്രതിജ്ഞ / ദൃഢപ്രതിജ്ഞ എടുക്കേണ്ടതാണ്. നാമനിര്‍ദേശം സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥിക്ക് ഹാജരാകാന്‍ പറ്റിയില്ലെങ്കില്‍ സ്ഥാനാര്‍ഥി ഗസറ്റഡ് ഓഫീസര്‍ തുടങ്ങി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ മുന്‍പാകെ  സത്യപ്രതിജ്ഞ / ദൃഢപ്രതിജ്ഞ എടുത്ത് സാക്ഷ്യപ്പെടുത്തി ഹജരാക്കണം.
* അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധിയായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ചിഹ്നം അനുവദിക്കുന്നതിനായി അതത് രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലപ്പെടുത്തിയ ഭാരവാഹിയുടെ കത്ത് ഹാജരാക്കണം .
* സ്ഥാനാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഫോം N 42 വില്‍ ഹാജരാക്കണം.
* ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലേക്കുള്ള നോമിനേഷനുകള്‍ വരണാധികാരിയായ  ജില്ലാകലക്ടര്‍ മുമ്പാകെയോ ഉപവരണാധികാരിയായ എഡിഎം മുമ്പാകെയോ സമര്‍പ്പിക്കാം.
* പത്രിക സമര്‍പ്പണ സമയത്തു സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 5 പേര്‍ക്ക് പങ്കെടുക്കാം എന്നും അറിയിച്ചു.

Advertisement