സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയം ചവറമണ്ഡലത്തിൽ

Advertisement



ചവറ.300 കോടി ചിലവിൽ 15 ഏക്കറിൽ മരുത്തടി – തിരുമുല്ലവാരം തീരത്ത് ഓഷ്യനേറിയും വരുന്നു.
കടലിന്റെ സൗന്ദര്യം ആസ്വദിക്കാനും കടലിനടിയിലെ ജീവജാലങ്ങളെ കണ്ട് മനസ്സിലാക്കാനും വഴിയൊരുക്കുന്ന ഓഷ്യനേറിയം ചവറ മണ്ഡലത്തിൽ യാഥാർഥ്യമാകുന്നു. ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും സ്ഥാപിക്കുന്നതിന്റെ  പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10കോടി അനുവദിച്ചു.
കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ്  കൊല്ലത്തിന്റെയും പ്രത്യേകിച്ച് ചവറയുടെയും ടൂറിസം വികസനത്തിൽ കുതിപ്പേകുന്ന പദ്ധതി പ്രഖ്യാപിച്ചത്.
സ്ഥലം ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതപഠനം, സാമൂഹ്യ– സാമ്പത്തിക സാധ്യതാപഠനം, ടെൻഡർ നടപടികൾ, മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ 10കോടി അനുവദിച്ചത്.
ടൂറിസം മേഖലയിൽ വൻ സാധ്യത തുറന്നിടുന്ന ഓഷ്യനേറിയം വിദേശ ടൂറിസ്റ്റുകളെയടക്കം ആകർഷിക്കും. പൗരാണിക വ്യാപാരകേന്ദ്രമാണ്‌ കൊല്ലം. ചൈനീസ്‌, അറബ്‌, പോർച്ചുഗീസ്‌, ഡച്ച്‌, ബ്രിട്ടീഷ്‌ വ്യാപാരികൾ കൊല്ലവുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നു. ചവറയും അതിന്റെ ഭാഗമായിരുന്നു. വാണിജ്യ വ്യാപാര ചരിത്രം കൂടി വ്യക്തമാക്കുന്നതായിരിക്കും മ്യൂസിയം.

Advertisement