നെടുങ്ങോലം വിസാ തട്ടിപ്പ്: അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

Advertisement

കൊല്ലം: പരവൂര്‍ നെടുങ്ങോലം വിസാ തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തന്റെ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ വിസാ തട്ടിപ്പ് ആരോപണം ഉന്നയിച്ച് ഗുണ്ടകളുടെ സഹായിയായ ചിലര്‍ അപവാദം പ്രചരിപ്പിക്കുകയാണെന്ന നെടുങ്ങോലം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സംഭവത്തെകുറിച്ച് അന്വേഷണം നടത്താന്‍ കമ്മീഷന്‍ അംഗം വി. ഗീത ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനും പാലക്കാടുകാരനായ സുഹൃത്തിനുമെതിരെയാണ് ആരോപണം നിലവിലുള്ളതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നതാണ് പരാതിക്ക് കാരണം. പരാതി വാസ്തവവിരുദ്ധമാണെന്നും വിസാ തട്ടിപ്പിന് ഇരയായ നിരവധിയാളുകള്‍ നെടുങ്ങോലം പ്രദേശത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലേക്ക് പോലീസ് വിളിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടിന് പരാതിക്കാരി മറുപടി സമര്‍പ്പിക്കുകയോ സിറ്റിംഗില്‍ ഹാജരാവുകയോ ചെയ്യാത്തതിനാല്‍ കേസ് തീര്‍പ്പാക്കി.

Advertisement