കൊല്ലം കൊട്ടിയത്ത് ഹോൺ മുഴക്കി എന്ന് ആരോപിച്ച് രോഗിയുമായി പോയ ആംബുലൻസിന് നേരെ യുവാക്കളുടെ ആക്രമണം

Advertisement

കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. ആംബുലൻസ് ഡ്രൈവറെയും മർദിച്ചു. ചൊവ്വ അർധരാത്രിയായിരുന്നു സംഭവം. ഡ്രൈവര്‍ ബിപിനാണ് മര്‍ദനത്തിനിരയായത്.


പത്തനാപുരത്ത് നിന്നും കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് ഒരുസംഘം ചെറുപ്പക്കാര്‍ ദേശീയപാതയില്‍വെച്ച് ആംബുലന്‍സിന് കുറുകെ വാഹനം നിര്‍ത്തി തടഞ്ഞത്. ഇവര്‍ സഞ്ചരിച്ച വാഹനത്തെ ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഹോണ്‍ അടിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.


എന്തിനാണ് ഹോണ്‍ അടിക്കുന്നത് എന്ന് ചോദിച്ച് ഇവര്‍ ഡ്രൈവറെ മര്‍ദിച്ചു. അക്രമികള്‍ മദ്യപിച്ചിരുന്നതായാണ് വിവരം. ആംബുലന്‍സിന്‍റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. ഡ്രൈവറുടെ വാച്ച് മോഷ്ടിച്ചെന്നും പരാതിയുണ്ട്.


രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഇടപെട്ടപ്പോഴാണ് അക്രമികള്‍ പിന്മാറിയത്. സംഭവത്തില്‍ കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

Advertisement