കൊട്ടാരക്കര : കരിങ്ങന്നൂർ മോട്ടോർകുന്ന് ശ്രീശൈലം വീട്ടിൽ പ്രകാശി (47) നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കരിങ്ങന്നൂർ മോട്ടോർകുന്ന് വേങ്ങവിള വീട്ടിൽ രാജു 70 ന് മൂന്നുവർഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് എ ഷാനവാസ് ആണ് ശിക്ഷ വിധിച്ചത് . 3.6.2020 ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ചീത്തവിളിച്ചത് ചോദ്യം ചെയ്തതിനുള്ള വിരോധം നിമിത്തം പ്രകാശിന്റെ വീടിന്റെ സമീപമുള്ള ഇടവഴിയിൽ വച്ച് പ്രതി പുറകിലൂടെ വന്ന് അസഭ്യം വിളിച്ചുകൊണ്ട് കയ്യിൽ കരുതിയിരുന്ന കൊടുവാൾ കൊണ്ട് വലതു കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പൂയപ്പള്ളി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ വിനോദ് ചന്ദ്രൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയ ഈ കേസിലേക്ക് 17 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും 24 രേഖകളും നാല് തൊണ്ടിമുതലും ഹാജരാക്കിയിരുന്നു. രണ്ട് സാക്ഷികളെ ഡിഫൻസ് സാക്ഷികളായി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വെളിയം കെ. ഷാജി ഹാജരായി.































