നിരോധിത പുകയില വില്‍ക്കാത്തതിന്റെ പേരില്‍ മര്‍ദ്ദനം: നിയമനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Advertisement

കൊല്ലം: സൗദി അറേബ്യയില്‍ പലചരക്ക് കടയില്‍ ജോലിക്ക് പോയ തന്നെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിന് നിര്‍ബന്ധിച്ചപ്പോള്‍ വിസമ്മതിച്ചതിന്റ പേരില്‍ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
പുനലൂര്‍ ഡി.വൈ.എസ്.പി. ക്കും ഏരൂര്‍ എസ്.എച്ച്.ഒ. ക്കുമാണ് കമ്മീഷന്‍ അംഗം വി. ഗീത നിര്‍ദ്ദേശം നല്‍കിയത്. ഏരൂര്‍ ഭാരതിപുരം സ്വദേശി മുഹമ്മദ് അന്‍സാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഏരൂര്‍ ഇലവിന്‍മൂട് സ്വദേശിയാണ് പരാതിക്കാരനെ ഗള്‍ഫില്‍ ജോലിക്ക് കൊണ്ട് പോയത്.
തനിക്ക് ഇയാളില്‍ നിന്നും വധഭീഷണിയുണ്ടെന്നും ഗുണ്ടാ ആക്രമണ ഭീഷണിയുണ്ടെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് പുനലൂര്‍ ഡിവൈഎസ്പിക്കും ഏരൂര്‍ എസ്എച്ച്ഒക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ അറിയിച്ചു.
എന്നാല്‍ പരസ്പരം തര്‍ക്കങ്ങളും ആരോപണങ്ങളും ഉണ്ടാകരുതെന്ന് ഇരുകക്ഷികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി പുനലൂര്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

Advertisement