കൊട്ടാരക്കര: വയയ്ക്കൽ കമ്പംകോട് മാപ്പിളവീട്ടിൽ ജേക്കബിന്റെ വീട്ടിൽ കവർച്ചയ്ക്കു ശ്രമിച്ച മോഷ്ടാവ് പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവായ വെള്ളംകുടി ബാബു എന്ന ബാബു(55) വാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രണ്ടോടെ ആയിരുന്നു സംഭവം. മരണചടങ്ങിൽ പങ്കെടുക്കാൻ വീടുപൂട്ടി ജേക്കബും കുടുംബവും പോയ സമയത്തായിരുന്നു മോഷണ ശ്രമം. അടുക്കളഭാഗത്തേക്കു പതുങ്ങിയെത്തുന്ന മോഷ്ടാവിനെ സിസിടിവി ക്യാമറിയിലൂടെ ഗൾഫിലുള്ള ജേക്കബിന്റെ മകൾ കണ്ടു. ഉടൻ തന്നെ ഫോണിലൂടെ വിവരം ജേക്കബിനെ അറിയിച്ചു. ജേക്കബ് അയൽവാസികളെ വിവരം അറിയിച്ചു. അടുക്കളയുടെ പൂട്ട് തകർക്കാനുള്ള ശ്രമത്തിലായിരുന്നു ബാബു. നാട്ടുകാരെ കണ്ട് രക്ഷപെടാൻ ശ്രമിച്ച ബാബുവിനെ അവർ ഓടിച്ചിട്ടു പിടികൂടി കൊട്ടാരക്കര പോലീസിന് കൈമാറി. നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള ബാബു ജയിലിൽ നിന്നിറങ്ങിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ എന്നു പോലീസ് പറയുന്നു
































