എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Advertisement

കൊല്ലം: ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ഒരു സംഘമാളുകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ആയൂര്‍ സ്വദേശിയുടെ പരാതിയില്‍ ചടയമംഗലം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന ആക്ഷേപത്തില്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
ദേഹോപദ്രവത്തില്‍ പരിക്കേറ്റതിന്റെ രേഖകള്‍ പരാതിക്കാരനായ ആയൂര്‍ സ്വദേശി ജിജോ.ടി. ലാല്‍ കമ്മീഷനില്‍ സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. കമ്മീഷന്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയെങ്കിലും അതില്‍ കേസെടുത്തതിനെകുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല.
പരാതിക്കാരന്‍ ചടയമംഗലം എസ്എച്ച്ഒക്ക് എതിരെ നല്‍കിയ കേസ് പുനലൂര്‍ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചടയമംഗലം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ എസ്എച്ച്ഒക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറിയതായും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 നവംബര്‍ 28ന് ചടയമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ എസ്എച്ച്ഒ തന്നെ മൃഗീയമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് കോടതി ഉത്തരവുണ്ടായതെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. അന്ന് പരാതിക്കാരന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ ക്ഷുഭിതനായ എസ്എച്ച്ഒ ചിലരുടെ സഹായത്തോടെ പൊതുമധ്യത്തില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.

Advertisement

1 COMMENT

Comments are closed.