കരുനാഗപ്പള്ളിയിൽ വയോധികയുടെ മരണം കൊലപാതകം;3 വർഷത്തിനു ശേഷം വിമുക്തഭടനായ മകൻ അറസ്റ്റിൽ

Advertisement

കരുനാഗപ്പള്ളി:കല്ലേലിഭാഗം മാളിയേക്കൽ വീട്ടിൽ തങ്കമ്മ(86) യുടെ   മരണം
കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടർന്ന് മകൻ അറസ്റ്റിൽ.വേണു എന്ന് വിളിക്കുന്ന മോഹൻകുമാറാണ് (74) കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.2022 ഓഗസ്റ്റ് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.മാതാവ് തങ്കമ്മയും പ്രതിയും ഒരുമിച്ചായിരുന്നു വീട്ടിൽ താമസം.സംഭവ ദിവസം പ്രതി മാതാവിനെ ഇരു ചെകിട്ടത്തും അടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് അവശനിലയിലായ തങ്കമ്മയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടുത്തദിവസം മരണപ്പെടുകയും ചെയ്തിരുന്നു.തുടർന്ന് തങ്കമ്മയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും തുടർനടപടികൾ സ്വീകരിച്ചു വരികയും ചെയ്തിരുന്നു.സംഭവം നടന്ന്  മൂന്നു വർഷത്തിനു ശേഷമാണ് വിമുക്തഭടൻ കൂടിയായ മോഹൻ കുമാർ അറസ്റ്റിലാകുന്നത്.മരിക്കുന്നതിന് മുമ്പ് ആശുപത്രിയിലെ വനിതാ ഡോക്ടറോട് തങ്കമ്മ നടത്തിയതെന്ന നിലയിൽ ലഭിച്ച വീഡിയോ ദ്യശ്യമാണ് കൊലപാതക കേസിലേക്കെത്താൻ പോലീസിനെ സഹായിച്ചത്.ഈ ദൃശ്യം ശരിയാം വണ്ണം മനസിലാക്കാൻ കഴിയാത്തതിനാൽ സാങ്കേതിക പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയായിരുന്നു പോലീസ്.അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.കൊല്ലം ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസിപി ചാർജ് വഹിക്കുന്ന കൊല്ലം എസിപി ഷെരീഫിൻ്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ്എച്ച്ഒ  ബിജു.വി,എസ്ഐ മാരായ ഷമീർ ,ആഷിഖ്,വേണുഗോപാൽ,എസ്.സി.പി ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement