കൊല്ലത്ത് ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

Advertisement

ഓയൂര്‍: നെടുമണ്‍കാവ് ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു മരിച്ചു. വെളിച്ചിക്കാല കുണ്ടുമണ്‍ കാട്ടുവിള വീട്ടില്‍ അന്‍സര്‍-ഷംല ദമ്പതികളുടെ മകന്‍ അഫ്‌സല്‍ (19) ആണ് മരിച്ചത്. അഫ്‌സല്‍ കൂട്ടുകാരായ കൊട്ടിയം സ്വദേശി സെയ്താലി, മുഹമ്മദ് സൊഹൈല്‍ എന്നിവരുമായി ഇന്ന് രണ്ട് മണിയോടെ നെടുമണ്‍കാവ് ആറ്റില്‍ പാലത്തിന് സമീപത്തെ വാട്ടര്‍ ടാങ്കിന്റെ ഭാഗത്ത് മീന്‍ പിടിക്കാനെത്തി.
കുറെ നേരം അവിടെ ചെലവഴിച്ച അഫ്‌സലും, ഒരുകൂട്ടുകാരനും കുളിക്കാനായി ആറ്റിലേക്ക് ഇറങ്ങി. കുളിക്കുന്നതിനിടയില്‍ അഫ്‌സല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മറ്റ് രണ്ട് കൂട്ടുകാരും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അഫ്‌സല്‍ കൂടുതല്‍ ആഴമുള്ള ഭാഗത്തേയ്ക്ക് ഒഴുകിപ്പോവുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തിയെങ്കിലും അഫ്‌സലിനെ കണ്ടെത്താനായില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൂയപ്പള്ളി പോലീസും കൊല്ലത്ത് നിന്നും സ്‌കൂബാ ടീമും, കുണ്ടറയില്‍നിന്നും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാലരയോടെയാണ് മൃതദേഹം കരയ്ക്ക് എടുത്തത്. പ്ലസ് ടു പഠന ശേഷം സമീപത്തെ കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു അഫ്‌സല്‍. പൂയപ്പള്ളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: ആസിയ.

Advertisement