കൊല്ലത്ത് 58-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ച സംഭവം; പ്രതി പിടിയില്‍

Advertisement

കൊല്ലം: കടയ്ക്കല്‍ ആനപ്പാറയില്‍ തലക്കടിയേറ്റ് 58-കാരന്‍ മരിച്ച സംഭവത്തില്‍ പ്രതി കടയ്ക്കല്‍ പോലീസിന്റെ പിടിയിലായി. സുഹൃത്തായ രാജുവാണ് പോലീസ് കസ്റ്റഡിയിലായത്. ആനപ്പാറ സ്വദേശി ശശിയാണ് കഴിഞ്ഞ ദിവസം തലയ്ക്കടിയേറ്റ് മരിച്ചത്. സുഹൃത്തായ രാജുവും ശശിയുമായി ഒന്നിച്ചിരുന്ന് മദ്യപിക്കുകയും പിന്നീട് വാക്ക് തര്‍ക്കം ഉണ്ടാകുകയും ഇരുകൂട്ടരും തമ്മില്‍ അടിപിടികൂടുകയും ചെയ്തു. വാക്ക് തര്‍ക്കത്തിനിടയില്‍ രാജു ശശിയെ തലക്കയ്ടിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്നും പ്രതിയായ രാജു രക്ഷപ്പെടുകയും ചെയ്തിരുന്നു.
രക്തം വാര്‍ന്നു കിടന്ന ശശിയെ നാട്ടുകാര്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരിച്ചു. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. കടയ്ക്കല്‍-ചിതറ സിഐ മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement