കേരളത്തിന്റെ ഭാവി വികസനത്തിന് നൂതന ആശയങ്ങള്‍ സ്വരൂപിക്കാനും ജനാഭിപ്രായം തേടാനും നാളിതുവരെയുള്ള നേട്ടങ്ങളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യാനും സംഘടിപ്പിക്കുന്ന വിഷന്‍ 2031 സെമിനാര്‍ പരമ്പരയുടെ ഭാഗമായി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ 21ന്. കടയ്ക്കല്‍ ഗാഗോ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10 ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. ഭാവിവികസന ലക്ഷ്യങ്ങള്‍, കാഴ്ചപ്പാടുകള്‍, പതിറ്റാണ്ടിന്റെ നേട്ടങ്ങള്‍ തുടങ്ങിയവ മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം അവതരിപ്പിക്കും.
രാവിലെ 11.30 മുതല്‍ ‘പാല്‍ ഉല്‍പാദനരംഗം സാധ്യതകളും വെല്ലുവിളികളും’ വിഷയത്തില്‍ സെമിനാറും വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും ഉണ്ടാകും. പാല്‍ സ്വയംപര്യാപ്തത – ലക്ഷ്യങ്ങള്‍, മാര്‍ഗങ്ങള്‍, ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് – സമഗ്രപദ്ധതികള്‍, പാല്‍ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും, സുസ്ഥിര പരിസ്ഥിതി സൗഹ്യദ ഡയറിഫാമുകള്‍, കാലിസമ്പത്തിന്റെ ജനിതകമേന്മയും മാനേജ്മെന്റിലെ പ്രായോഗികതകളും, മൃഗസംരക്ഷണ മേഖല സംരംഭകത്വം- സ്റ്റാര്‍ട്ടപ്പുകള്‍, ക്ഷീരമേഖല -സൈബര്‍ സംയോജന സാധ്യതകള്‍, മൃഗചികിത്സാ സേവനങ്ങളിലെ സാങ്കേതിക മികവിന്റെ വികാസവും ഗവേഷണങ്ങളും, ഉല്പന്നങ്ങളും മൂല്യവര്‍ദ്ധനവും വിപണന സാധ്യതകളും, കാലിത്തീറ്റ ഗുണമേന്മവര്‍ദ്ധനവും തീറ്റപ്പുല്‍ കൃഷി വികസനവും എന്നിവ കേന്ദ്രീകരിച്ചാണ് പാനല്‍ ചര്‍ച്ച. ജനിതക വിദഗ്ധന്‍ സി. റ്റി ചാക്കോ, പോണ്ടിച്ചേരി വെറ്ററിനറി കോളേജ് മുന്‍ ഡീന്‍ ഡോ. എസ് രാംകുമാര്‍, മില്‍മ കെ.സി.എം.എം.എഫ് ചെയര്‍മാന്‍ കെ.എസ് മണി എന്നിവര്‍ അവതരണം നടത്തും. വെറ്ററിനറി സര്‍വകലാശാല രജിസ്റ്റര്‍ ഡോ.പി.സുധീര്‍ ബാബുവാണ് മോഡറേറ്റര്‍. മില്‍മ മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, മൃഗസംരക്ഷണം ഡയറക്ടര്‍ ഡോ. എം.സി റെജില്‍, ക്ഷീരവികസനം ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കേരള ഫീഡ്‌സ് മാനേജിങ് ഡയറക്ടര്‍ എ.ടി ഷിബു, കെ എല്‍ ഡി ബി മാനേജിങ് ഡയറക്ടര്‍ ആര്‍ രാജീവ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജീജ.സി കൃഷ്ണന്‍ എന്നിവരാണ് പാനല്‍ അംഗങ്ങള്‍.
രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ‘മുട്ട, മാംസം ഉല്‍പ്പാദന മേഖലകളിലെ നയങ്ങളും കാഴ്ചപ്പാടുകളും’ വിഷയത്തില്‍ സെമിനാറും പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കും. സംഘടിത മുട്ട- മാംസോല്പാദന രംഗം – കുടുംബശ്രീ സഹകരണ സ്വാശ്രയ സംഘങ്ങളുടെ ശൃംഖല, ബ്രോയ്ലര്‍ ഗ്രാമങ്ങളുടെ സൃഷ്ടിയും വികാസവും, ആടുവളര്‍ത്തല്‍ -സാറ്റലൈറ്റ് യൂണിറ്റുകളുടെ വ്യാപനം, ബ്ലോക്ക്തല അറവുശാലകള്‍ – റെന്‍ഡറിംഗ് പ്ലാന്റുകള്‍, ശാസ്ത്രീയമായ മാംസവില്പന – കേരള മാതൃക, മൂല്യവര്‍ദ്ധിത മാംസോല്പന്നങ്ങളുടെ വിപണനം, സേഫ് റ്റു ഈറ്റ് മീറ്റ് – ഉല്പാദനം മുതല്‍ തീന്‍മേശ വരെ- സാദ്ധ്യതകള്‍ എന്നിവയാണ് വിഷയമേഖലകള്‍. പ്ലാനിങ് ബോര്‍ഡ് അഗ്രി ചീഫ് എസ് എസ് നാഗേഷ്, വെറ്ററിനറി സര്‍വകലാശാല മീറ്റ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. വി എന്‍ വാസുദേവന്‍ എന്നിവര്‍ അവതരണം നടത്തും. മണ്ണുത്തി വെറ്ററിനറി കോളേജ് മീറ്റ് ടെക്‌നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി സദു മോഡറേറ്റര്‍ ആകും. മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡോ. സലില്‍ കുട്ടി, കെപ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി സെല്‍വകുമാര്‍, സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം ഡോ. ആര്‍ വേണുഗോപാല്‍, കേരള ചിക്കന്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. റാണ റാജ്, മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പൗള്‍ട്രി ഫാം മേധാവി ഡോ. എസ് ഹരികൃഷ്ണന്‍ എന്നിവരാണ് പാനല്‍ അംഗങ്ങള്‍.
ഉച്ചയ്ക്ക് രണ്ട് മുതല്‍ പാനല്‍ ചര്‍ച്ചകളുടെ ക്രോഡീകരണവും മൃഗസംരക്ഷണ ക്ഷീരവികസന മേഖല 2031 ലക്ഷ്യങ്ങള്‍, നയങ്ങള്‍, സാക്ഷാത്കാരം, പാനല്‍ റിപ്പോര്‍ട്ട് സമാഹരണം മന്ത്രി ജെ ചിഞ്ചുറാണി അവതരിപ്പിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ നന്ദി പറയും.
































