മൊസാംബിക്ക് ബോട്ട് അപകടം; ആറുമാസമായി നാട്ടിലുണ്ടായിരുന്ന ശ്രീരാഗ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും ജോലിയ്ക്കായി പോയത്

Advertisement

കൊല്ലം: മൊസാംബിക്ക് ബോട്ട് അപകടത്തില്‍ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍ തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്ക് പോയത്. അപകടത്തില്‍പ്പെട്ട് കാണാതായിരുന്ന ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂ ചേഞ്ചിനിടെ ശ്രീരാഗ് ഉള്‍പ്പെടെ കടലില്‍ വീണത്. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും അപകടത്തില്‍പ്പെട്ടിരുന്നു.
സീ ക്വസ്റ്റ് എന്ന സ്‌കോര്‍പിയോ മറൈന്‍ കമ്പനിയിലെ ജീവനക്കാരനാണ് നടുവിലക്കര ഗംഗയില്‍ വീട്ടില്‍ രാധാകൃഷ്ണപിള്ള ഷീല ദമ്പതികളുടെ മകന്‍ ശ്രീരാഗ്. മൊസാംബിക്കില്‍ ജോലിക്ക് കയറിയിട്ട് മൂന്നര വര്‍ഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്നു ഇദ്ദേഹം. തുടര്‍ന്ന തിങ്കളാഴ്ച വീണ്ടും ജോലിക്ക് പോവുകയായിരുന്നു. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജിത്തുവാണ് ശ്രീരാഗിന്റെ ഭാര്യ. മക്കള്‍: അതിഥി (5), അനശ്വര (9).
സ്‌കോര്‍പിയോ മറൈന്‍ മാരിടൈം മാനേജ്‌മെന്റ് എന്റര്‍പ്രൈസസ് ഷിപ്പിംഗ് കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായ ഇന്ദ്രജിത്തിനായുള്ള തിരച്ചില്‍ തുടരുന്നു. എടയ്ക്കാട്ടുവയല്‍ വെളിയനാട് പോത്തന്‍കുടിലില്‍ സന്തോഷിന്റെയും ഷീനയുടെയും മകനായ ഇന്ദ്രജിത്ത് ഈ മാസം 14 നാണ് നാട്ടില്‍ നിന്ന് തിരിച്ചുപോയത്. പിതാവ് സന്തോഷും ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇളയ സഹോദരന്‍ അഭിജിത് കമ്പനിയുടെ ഖത്തര്‍ ബ്രാഞ്ചില്‍ ചേരാനിരിക്കുകയാണ്.

Advertisement