ഓയൂര്‍ മരുതിമലയില്‍ നിന്നും ചാടിയ വിദ്യാര്‍ഥിനികളുടെ ബാഗില്‍ നിന്നും കണ്ടെടുത്ത ബുക്കില്‍ കുറിച്ചിരുന്ന ആ നാല് പേരില്‍ ബാക്കിയുള്ള രണ്ടുപേര്‍ ആരൊക്കെ….?

Advertisement

കൊല്ലം: വിനോദസഞ്ചാരകേന്ദ്രമായ ഓയൂര്‍ മുട്ടറ മരുതിമലയുടെ മുകളില്‍നിന്ന് വിദ്യാര്‍ഥിനി വീണുമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥിനികളുടെ ബാഗില്‍ നിന്ന് കണ്ടെടുത്ത ബുക്കില്‍ നിന്ന് പോകുന്നതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചു. ‘ഇങ്ങനെ ജീവിക്കാന്‍ സാധ്യമല്ല, ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകുന്നു.’ എന്നിങ്ങനെയുള്ള ചുരുക്കം ചില വാക്കുകളാണ് ബുക്കില്‍ ഉണ്ടായിരുന്നത്. ‘ഞങ്ങള്‍ നാലുപേര്‍’ എന്നാണ് കത്തില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടുപേര്‍ മാത്രമാണ് പോയത്. മറ്റ് രണ്ടുപേര്‍ ആരാണെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 1000 അടിയിലധികം ഉയരമുള്ള സ്ഥലമാണ് മുട്ടറ മരുതിമല.
അടൂര്‍ കടമ്പനാട് മേപ്പറത്ത് ഇടപ്പുര വിനു- ദീപ ദമ്പതിമാരുടെ മകള്‍ മീനു (13) ആണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ (14) ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തിലാണ്.
ഇവരുടെ സ്‌കൂള്‍ ബാഗുകള്‍ പെരിങ്ങനാട് സ്‌കൂളിന് സമീപത്തുള്ള കടയില്‍നിന്ന് വെള്ളിയാഴ്ചയാണ് ലഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. പെരിങ്ങനാട് ടിഎംജി എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും.
സംരക്ഷണവേലിക്കു പുറത്ത് സുരക്ഷിതമല്ലാത്ത സ്ഥലത്ത് രണ്ടു പെണ്‍കുട്ടികള്‍ ഇരിക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. പെണ്‍കുട്ടികള്‍ ഇരിക്കുന്ന വിഡിയോ മൊബൈല്‍ ഫോണില്‍ പൂയപ്പള്ളി ഇന്‍സ്പെക്ടര്‍ക്ക് ഒരാള്‍ അയച്ചുകൊടുക്കുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍, പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ ചാടിയിരുന്നു. ഉടന്‍ തന്നെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മീനുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

Advertisement