പുനലൂര്‍. കാണാതായ വയോധികയെ പൊട്ടക്കിണറ്റിൽ കണ്ടെത്തി. പേപ്പർമിൽ പള്ളിത്താഴേതിൽ വീട്ടിൽ 78 വയസുള ലീലാമ്മയെയാണ് വീടിനു സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടിൽ പോയി മടങ്ങിയ ലീലാമ്മയെ ഇന്നലെ കാണാതാവുകയായിരുന്നു. പുനലൂരിൽ ട്രെയിനിറങ്ങിയ ശേഷം മകൾക്ക് അമ്മയെ ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെ മകൾ ബന്ധുക്കളെ വിവരമറിയിച്ചു. ഇവർ വിവരമറിയിച്ചത് അനുസരിച്ച് പുനലൂർ പോലീസും അന്വേഷണം ആരംഭിച്ചു. തിരച്ചിലിനിടെയാണ് വീട്ടിൽ നിന്നും 200 മീറ്ററോളം അകലെ മാറിയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ ലീലാമ്മയെ കണ്ടെത്തിയത്. പുനലൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തിയാണ് ലീലാമ്മയെ പുറത്തെത്തിച്ചത്. അവശനിലയിലായതിനാൽ ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വീടിനു സമീപത്തു നിന്നും ഇവരുടെ ആഭരണങ്ങളടങ്ങിയ കവറും കുറിപ്പും പൊലീസ്കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാശ്രമം എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.






































