ചടയമംഗലം: ചടയമംഗലത്ത് മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 54-കാരന്‍ കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം പോരേടം മാടന്‍നട പാറവിള വീട്ടില്‍ നൗഷാദ് ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ തിരുവനന്തപുരം വട്ടപ്പാറ കരകുളം ചെറുവേലിക്കോണത്തു വീട്ടില്‍ ദിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടുകൂടി ചടയമംഗലം ബീവറേജിന് സമീപത്തുള്ള അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിന്റെ രണ്ടാം നിലയിലേക്ക് കയറുന്ന സ്റ്റെയറിന്റെ ഇടനാഴിയിലിരുന്ന് മദ്യപിക്കുകയായിരുന്ന നൗഷാദും ദിജേഷും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും നൗഷാദിനോട് ദിജേഷ് പൈസ ആവശ്യപ്പെടുകയും പോക്കറ്റില്‍ നിന്നും പൈസ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടി നടന്നു. ഇതിനിടയില്‍ ദിജേഷ് വലിയ സിമന്റ് ഹോളോബ്രിക്‌സ് കട്ട കൊണ്ട് നൗഷാദിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തറയില്‍ വീണ നൗഷാദ് രക്തംവാര്‍ന്ന് കിടക്കുകയും സംഭവം നടന്ന സ്ഥലത്തേക്ക് പ്രദേശവാസിയായ ആള്‍ ബഹളം കേട്ട് കയറിവന്നപ്പോളാണ് നൗഷാദ് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതും. ഈ സമയം ദിജേഷ് ഓടി രക്ഷപെട്ടു. നാട്ടുകാര്‍ ചടയമംഗലം പോലീസിനെ വിവരം അറിയിപ്പിക്കുകയും ചടയമംഗലം പോലീസ് എത്തി നൗഷാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നൗഷാദ് മരിച്ചു. നൗഷാദിനെ കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെട്ട ദിജേഷ് പിന്നീട് ചടയമംഗലം പോലീസില്‍ കീഴടങ്ങുകയായിരുന്നു.
































