സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേയിലൂടെ 8.5 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നുതിട്ടപെടുത്തിയെന്ന് റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. കല്ലുവാതുക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂവുടമകളുടെ അവകാശസംരക്ഷണത്തിന് നടത്തുന്ന നിര്‍ണായക ചുവടുവയ്പ്പാണ് ഡിജിറ്റല്‍ ഭൂമി റീസര്‍വേ. ആധുനികവത്കരണവും സുതാര്യമായ ഭൂമി ക്രയവിക്രയ സംവിധാനങ്ങളും നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഭൂമിസംബന്ധമായ രേഖകളിലും അവകാശങ്ങളിലും സുതാര്യത വര്‍ധിപ്പിക്കാനായി. റവന്യൂ-സര്‍വേ-രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ വിവിധ സേവനങ്ങള്‍ ഒരുകുടകീഴില്‍ ലഭ്യമാക്കുന്ന എന്റെ ഭൂമി പോര്‍ട്ടലില്‍ ഭൂമിയുടെ കൈവശാവകാശം ഉള്‍പ്പെടെയുള്ള വിവരങ്ങളും ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജുകളുടെ വിശദാംശങ്ങളും ലഭ്യമാണ്. സര്‍വേ പൂര്‍ത്തിയാകുന്നതോടെ ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയുടെരേഖകള്‍ പരിശോധിക്കാനും പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനുമുള്ള കേന്ദ്രങ്ങളാകണം വില്ലേജ് ഓഫീസുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജി.എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ശാന്തിനി, വൈസ് പ്രസിഡന്റ് പി പ്രതീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എ ആശാ ദേവി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, എ ഡി എം ജി. നിര്‍മല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
































