ഓച്ചിറയില്‍ ഹൈവേ മൂലം മരണക്കെണി ഒരുങ്ങുന്നതായി ആക്ഷേപം

Advertisement

ഓച്ചിറ. തെക്കൻ കേരളത്തിലെ അതിപ്രശസ്‌തമായ പൈതൃക ഗ്രാമവും ദക്ഷിണ കാശി എന്നറിയപ്പെടുകയും ചെയ്യുന്ന ഓച്ചിറയില്‍ അവിടത്തെ പ്രാധാന്യമറിയാതെ റോഡ് കടന്നുപോകുന്നത് വലിയ അപകടക്കെണിയാകുമെന്നും ലക്ഷങ്ങള്‍ തിങ്ങിക്കൂടുന്നസമയം മരണക്കെണിയാകുമെന്നും ആക്ഷേപം.

മണ്ഡലകാലത്തു ശബരിമല ഭക്തരുടെ ഇടത്താവളം കുടിയാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. ഇരുപത്തെട്ടാം ഓണം, ഓച്ചിറക്കളി, വൃശ്ചികോത്സവം തുടങ്ങിയ ആചാരാനുഷ്‌ഠാന ആഘോഷങ്ങളിലെ ബഹുജനപങ്കാളിത്തം വളരെ ശ്രദ്ധേയമാണ്. അഞ്ചുലക്ഷത്തോളം മനുഷ്യരാണ് കഴിഞ്ഞ ഇരുപത്തെട്ടാം ഓണാഘോഷ ദിനത്തിൽ മാത്രം ഓച്ചിറയിൽ ഒന്നിച്ചുകൂടിയതെന്നാണ് കണക്ക്. ആയിരത്തോളം പോലീസുകാരെയാണ് ജനത്തിരക്ക് നിയന്ത്രിക്കാൻ നിയോഗിച്ചതെന്ന വസ്‌തുതയിൽ നിന്നു തന്നെ തിരക്ക് ഊഹിക്കാവുന്നതാണ്. വിവിധ നാടുകളിൽ നിന്നും വലിയ കെട്ടുകാഴ്‌ചകൾ വരുന്നതിനാലും, വൈദ്യുതി ലൈനുകൾ ഭൂമിക്ക് അടിയിലൂടെയാക്കണമെന്ന ആവശ്യം ഇതുവരെ നടപ്പിലാകാത്തതിനാലും, അമ്പലത്തിനു സമീപപ്രദേശങ്ങളിൽ വെളിച്ചം പോലുമില്ലാത്ത ദിവസങ്ങളാണതെന്നു കൂടി നാം മനസ്സിലാക്കണം. ക്ഷേത്രം നിൽക്കുന്ന, ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തിന്റെ നാലിരട്ടിയോളം പ്രദേശത്തെ ജനങ്ങളാണ് കിഴക്കു നിന്നും ദേശീയപാത മുറിച്ചു കടന്നു ക്ഷേത്രത്തിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തുന്നത്. പഞ്ചായത്താഫീസ്, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ആശുപത്രി, ആയിരക്കണക്കിനു കുട്ടികൾ പഠിക്കുന്ന രണ്ട് ഹയർസെക്കന്ററി സ്ക്‌കൂളുകൾ, മാർക്കറ്റ്, അതിപുരാതനമായ മുന്നു മുസ്ലിം പള്ളികൾ, ഹാർബർ, ബീച്ച്, ബസ് സ്റ്റാന്റ്, ബാങ്കുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയൊക്കെ ദേശീയപാതയ്ക്ക് പടിഞ്ഞാറു വശമാണുള്ളത്. പ്രശസ്‌തമായ അമൃതാനന്ദമയി ആശ്രമവും അവിടുത്തെ പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലകൊള്ളുന്നതും ദേശീയ പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്താണ്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന അതിപ്രധാനമായ റെയിൽ വേസ്റ്റേഷൻ ദേശീയപാതയ്ക്ക് കിഴക്കു ഭാഗത്തും നിലകൊള്ളുന്നു.

ഓച്ചിറ റെയിൽവേ സ്റ്റേഷനു സമീപത്ത്, റെയിൽവേ സ്റ്റേഷൻ റോഡിൽ ചെറു വാഹനങ്ങൾക്ക് റെയിൽവേ ലൈൻ മുറിച്ചു കടക്കാൻ കഴിയുന്ന ഒരു ഉയരപ്പാത പൂർത്തിയായി വരുന്നു. ചൂനാട്, വള്ളികുന്നം, വയനകം പ്രദേശങ്ങളിലുള്ളവർക്ക് റെയിൽ ക്രോസ്സുകളെ ഒഴിവാക്കി വന്നുപോകാനുള്ള സൌകര്യമാണ് തയ്യാറാകുന്നത്. അത് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ഓച്ചിറയിലേക്കുള്ള തിരക്കു ഇനിയും വർദ്ധിപ്പിക്കും.

എന്നാൽ, പ്രദേശത്തിൻ്റെ ആവാസ വ്യവസ്ഥയെ ഒട്ടും പരിഗണിക്കാതെയുള്ള ദേശീയപാത വികസനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ദേശീയപാത മുറിച്ചു കടക്കാൻ ക്ഷേത്രത്തിൻ്റെ വടക്ക് ഇരുന്നൂറ്റമ്പത് മീറ്റർ മാറി ഒരു അടിപ്പാത മാത്രമാണ് തയ്യാറാകുന്നത്. വലിയ ജനത്തിരക്കുള്ള നമ്മുടെ ഉത്സവസമയങ്ങളിൽ കുരിരുട്ടത്ത്, ഒരൊറ്റ അണ്ടർപാസ്സ് വഴിയേ വേണം ഈ ജനങ്ങൾക്കെല്ലാം സഞ്ചരിക്കാൻ എന്നോർക്കുമ്പോൾ നിങ്ങൾക്ക് ഭയമാകുന്നില്ലേ? അടിപ്പാതയിലോ ക്ഷേത്രത്തിലോ എന്തെങ്കിലും ഒരു അത്യാഹിതം കൂടി സംഭവിച്ചാൽ വലിയ അപകടത്തിനു സാക്ഷിയാകേണ്ടി വരും.

ഭാഗികമായി പണിത ദേശീയപാതയിൽ, മുറിച്ചു കടക്കാൻ പറ്റുന്ന ഭാഗങ്ങളിലൂടൊക്കെ മുറിച്ചു കടന്നിട്ടും ഈ ഉത്സവ കാലത്ത് ജനം വലിയ തിരക്കിൽ പെട്ടുപോയി. വലിയ അപകടങ്ങളിൽ നിന്നും ഭാഗ്യം കൊണ്ടാണ് നാം രക്ഷപെട്ടത്. അതിനാൽ ക്ഷേത്രത്തിനു മുൻവശത്തെ ഭാഗത്ത് റെയിൽവേ സ്റ്റേഷൻ റോഡുൾപ്പെടുത്തി എലിവേറ്റഡ് ഹൈവേയാക്കണം എന്ന ആവശ്യം അധികാരികളുടെ മുന്നിൽ സമർപ്പിക്കുകയാണ്. സാങ്കേതികമായി അതിനു സാധിക്കാതെ വന്നാൽ, അമ്പലത്തിൻ്റെ തെക്കും വടക്കും അണ്ടർപാസ്സ് വരുന്ന രീതിയിൽ, ക്ഷേത്രത്തിനു തെക്ക് 250 മീറ്റർ മാറിയുള്ള റെയിൽവേ സ്റ്റേഷൻ റോഡിൽ കുടി ഒരു സമാന്തര അണ്ടർപാസ്സെങ്കിലും സ്ഥാപിക്കണമെന്ന് NH 66 ഓച്ചിറ റെയിൽവേ സ്റ്റേഷൻ റോഡ് അടിപ്പാത സമര ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സഞ്ചാരം ഒരുവശത്തേക്ക് മാത്രമാക്കി തിരക്ക് നിയന്ത്രിക്കാനും വാഹനങ്ങളെ വഴി തിരിച്ചു വിടാനും, എന്തെങ്കിലും അപകടങ്ങളുണ്ടായാൽ രക്ഷാ പ്രവർത്തനത്തിനും, ക്ഷേത്രത്തിനു ഇടത്തും വലത്തും സമാന്തര അടിപ്പാതകൾ ഉണ്ടെങ്കിൽ ഒരു പരിധിവരെ സാധിക്കും. ഓച്ചിറയിലൂടെ പോകുന്ന ബസ്സുകൾക്ക് ബസ്റ്റാന്റിലേക്ക് വന്ന് പോകാനും അത് സൌകര്യമൊരുക്കുമെന്ന് ചെയർമാൻ മെഹർഖാൻ, ചേന്നല്ലൂർ, കൺവീനർ പ്രവീൺ, മേമന എന്നിവര്‍ ചൂണ്ടിക്കാട്ടി.

rep image

Advertisement