ചാത്തന്നൂരില്‍ വാഹനങ്ങളുടെ കൂട്ടിയിടി; നിരവധിപേര്‍ക്ക് പരിക്ക്

Advertisement

ചാത്തന്നൂര്‍: കെഎസ്ആര്‍ടിസി ബസില്‍ ടിപ്പര്‍ ലോറിയിടിച്ചു ഉണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഒഴിവായത് വലിയ അപകടം. ബസ് ഡ്രൈവര്‍ വിജയന്‍ (50), കണ്ടക്ടര്‍ ഷെഹിന്‍(42), യാത്രക്കാരായ ചിറക്കര സ്വദേശി മോഹനന്‍ (72), സുബൈദബീവി (66) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. കൊല്ലം -തിരുവനന്തപുരം ദേശിയപാതയില്‍ ഊറാംവിള അണ്ടര്‍ പാസേജിന് സമീപമാണ് അപകടം ഉണ്ടായത്.
ചാത്തന്നൂര്‍ ഡിപ്പോ ജങ്ഷനില്‍ ഇന്ന് വൈകുന്നേരം അഞ്ചിനാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് തിരുവനന്തപുരം-ചാത്തന്നൂര്‍ റോഡ് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ തിരുവനന്തപുരം ഭാഗത്ത് നിന്നും അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ബസിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസിന്റെ ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീഴുകയും ഡ്രൈവര്‍ ഇല്ലാതെ ബസ് പിന്നോട്ട് പോയി റോഡുവക്കിലെ ഓട്ടോറിഷയിലും മതിലിലും ഇടിച്ചുനില്‍ക്കുകയുമായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ നിസാം അത്ഭുതകരമായാണ് രക്ഷപെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവര്‍ പാരിപ്പള്ളി ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Advertisement