എഴുകോണിൽ നവീകരിച്ച പ്രീ-മെട്രിക് ഹോസ്റ്റൽ നാടിനു സമർപ്പിച്ചു

Advertisement

പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 5600 കോടി രൂപ ഗ്രാന്റ്, സ്കോളർഷിപ്പ് ഇനത്തിൽ വിതരണം ചെയ്തതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. എഴുകോൺ പ്രീ-മെട്രിക് ഹോസ്റ്റൽ നവീകരണ പ്രവർത്തികളുടെയും ശീതീകരിച്ച കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പശ്ചാത്തല വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായി 35 ലക്ഷം രൂപ ചെലവിലാണ് ഹോസ്റ്റൽ നവീകരണവും ശീതീകരിച്ച കോൺഫറൻസ് ഹാളും സജ്ജമാക്കിയത്. വിദ്യാഭ്യാസത്തിനു സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നത്. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുതകുംവിധം ഏത് വിഷയവും പഠിക്കാൻ നിലവിലെ വിദ്യാഭ്യാസരീതി പ്രാപ്തമാണ്. സമൂഹത്തെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ കാലാനുസൃതമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ് അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ മിനി, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം, സ്ഥിരംസമിതി അധ്യക്ഷരായ എം തങ്കപ്പൻ, സജനി ഭദ്രൻ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement