കടയില്‍ നിന്ന് തിരക്കിനിടെ അതിവിദഗ്ധമായി സാധനങ്ങള്‍ മോഷ്ടിച്ചയാളെ തേടിപ്പിടിച്ച് പുരസ്‌കാരം നല്‍കി കടയുടമ. കടയില്‍ ആളുള്ളപ്പോള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ സാധനം അടിച്ച് മാറ്റുന്നവരുടെ കഷ്ടപ്പാടിനെ ‘ബഹുമാനിക്കുകയും’, ‘അംഗീകരിക്കുകയും’ ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് കടയുടമ മോഷ്ടാവിന് ‘മീശമാധവന്‍ പുരസ്‌കാരം’ നല്‍കിയത്. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം മാന്യമായ വസ്ത്രം ധരിച്ച് കടയിലെത്തിയ യുവാവ് സാധനങ്ങള്‍ തിരയുന്നതിനിടെയാണ് 500 രൂപയോളം വിലവരുന്ന സാധനം കൈക്കലാക്കിയത്. ആരുമറിഞ്ഞില്ലെന്നാണ് ഇയാള്‍ കരുതിയതെങ്കിലും എല്ലാം വിശദമായി സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീടാണ് കടയുടമ ദൃശ്യങ്ങള്‍ കണ്ടത്. പൊലീസില്‍ അറിയിക്കാമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ഒരിക്കലും മറക്കാത്ത ഒരു സമ്മാനം മോഷ്ടാവിന് നല്‍കുന്നതിനെക്കുറിച്ചുള്ള വേറിട്ട ചിന്ത ഉടലെടുത്തത്. തുടര്‍ന്ന് സിസിടിവിയില്‍നിന്നു കിട്ടിയ ചിത്രം പതിപ്പിച്ച് ഒരു ഫലകമുണ്ടാക്കുകയായിരുന്നു.
പിറ്റേ ദിവസം രാവിലെ തന്നെ പൊന്നാടയും വാങ്ങി ഭാര്യയെയും കൂട്ടി കടയുടമ മോഷ്ടാവിന്റെ വീട് തിരഞ്ഞുപിടിച്ചെത്തി. മോഷണം കയ്യോടെ പിടിച്ച നാണക്കേടില്‍ നിന്ന മോഷ്ടാവിനെ പൊന്നാട അണിയിച്ച് ഫലകവും കൈമാറി. കൂടാതെ ഇതിന്റെ ദൃശ്യങ്ങളെടുക്കുകയും ചെയ്തു. തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും യുവാവ് പറയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
































