കൊല്ലം: വാഹാനാപകടത്തില്‍ മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് 89 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ചെമ്മരുത്തി പ്രഭാകര വിലാസം വീട്ടില്‍ സുനിലിന്റെ (49) കുടുംബത്തിനാണ് കൊല്ലം അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജ്. ബിന്ദു സുധാകരന്‍ നഷ്ടപരിഹാരം വിധിച്ച് ഉത്തരവായത്.
2019 ഒക്ടോബറിലായിരുന്നു കൊല്ലം-തിരുവനന്തപുരം എന്‍എച്ച് റോഡ് കല്ലമ്പലം 28-ാം മൈലിന് സമീപം സുനില്‍ യാത്ര ചെയ്ത സ്‌കൂട്ടറില്‍ ടെമ്പോ ഇടിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചെങ്കിലും സുനില്‍ മരിക്കുകയായിരുന്നു.
ഒമാനില്‍ ഡ്രൈവറായി ജോലിനോക്കി വരികയായിരുന്ന സുനില്‍ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സുനിലിനെ ഇടിച്ച വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. സുനിലിന്റെ ഭാര്യ ഇന്ദു, മക്കളായ നന്ദന, നീരജ്, അമ്മ ദേവകിയമ്മ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. കോടതി ചെലവും പലിശയും ഉള്‍പ്പെടെ 89 ലക്ഷം രൂപയാണ് വിധിച്ചത്. സുനിലിന്റെ കുടുംബത്തിന് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സുജിത്ത്, സിമി സുജിത്ത് എന്നിവര്‍ കോടതിയില്‍ ഹാജരായി.
































