കൊല്ലം: അഭിഭാഷകനായ പനമ്പില്‍ എസ്. ജയകുമാറിനെ മര്‍ദ്ദിച്ച കേസില്‍ കരുനാഗപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ജി. ഗോപകുമാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോടതി കേസ് എടുത്തു. പ്രതികള്‍ക്ക് സമന്‍സ് അയക്കാനും കോടതി ഉത്തരവിട്ടു.
2022 സെപ്തംബര്‍ 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് ഗോപകുമാറിന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു വാഹനം ഉപയോഗിച്ച് ജയകുമാറിന്റെ കാറില്‍ മനഃപൂര്‍വം ഇടിച്ച ശേഷം അദ്ദേഹത്തെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തില്‍ ജയകുമാറിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടാവുകയും തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ അഭിഭാഷകര്‍ കോടതി നടപടികള്‍ തുടര്‍ച്ചയായി ബഹിഷ്‌കരിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള കോര്‍ട്ട് സെന്ററുകളിലെ അഭിഭാഷകരും ഹൈക്കോടതി ബാര്‍ അസോസിയേഷനും സുപ്രീം കോടതി ബാര്‍ അസോസിയേഷനും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സി.ഐ ജി. ഗോപകുമാര്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥരായ അലോഷ്യസ് അലക്‌സാണ്ടര്‍, ഫിലിപ്പോസ്, അനൂപ് എന്നിവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
കൊല്ലത്തെ അഭിഭാഷകരായ എം.ഐ അലക്‌സാണ്ടര്‍ പണിക്കര്‍, പെരുമണ്‍ എസ്. രാജു എന്നിവര്‍ മുഖേന ജയകുമാര്‍ കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി- ഒന്നില്‍ സൂര്യ സുകുമാരന്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. കേസില്‍ പതിനഞ്ചോളം സാക്ഷികളെ വിസ്തരിക്കുകയും മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെ ഇരുപതോളം രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.ഐ ജി. ഗോപകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ അലോഷ്യസ് അലക്‌സാണ്ടര്‍, ഫിലിപ്പോസ്, അനൂപ്, ശ്രീകുമാര്‍, പ്രമോദ് എന്നിവരെ കൂടാതെ മുഹമ്മദ് അഫ്സല്‍, റാഷിദ്, നിസാര്‍ എന്നിവരടക്കം 9 പേരെ പ്രതികളാക്കിയാണ് കോടതി കേസ് എടുത്തിട്ടുള്ളത്.
കൂടാതെ, ജയകുമാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസില്‍ പ്രതിയായ അലോഷ്യസ് അലക്‌സാണ്ടറിന്റെ വസ്തുവകകള്‍ കരുനാഗപ്പള്ളി സബ് കോടതി ജപ്തി ചെയ്ത് ഉത്തരവായിരുന്നു. വാദി ജയകുമാറിന് വേണ്ടി അഭിഭാഷകരായ എം.ഐ അലക്‌സാണ്ടര്‍ പണിക്കര്‍, പെരുമണ്‍ എസ്. രാജു എന്നിവര്‍ കോടതിയില്‍ ഹാജരായി.
































