കൊല്ലം: മുന്‍ വിരോധം നിമിത്തം സൈനികനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ്‌വന്ന പ്രതി കൊട്ടിയം പോലീസിന്റെ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ ബീഡി കിച്ചു എന്ന് അറിയപ്പെടുന്ന ഉമയനല്ലൂര്‍ പേരയം വിനീത് ഭവനില്‍ വിനീത്(28) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. തഴുത്തല പേരയം പ്രീതാ ഭവനില്‍ രാഹുല്‍ (22) എന്ന സൈനികനെയാണ് ഇയാള്‍ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.
മുന്‍വിരോധം നിമിത്തം ആഗസ്റ്റ് 24ന് രാത്രി കുടുബത്തോടൊപ്പം യാത്ര ചെയ്ത് വരികയായിരുന്ന രാഹുലിനെ പ്രതിയും സുഹൃത്തും ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തിയ ശേഷം ചുറ്റികയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രാഹുലിന്റെ ഒരുപല്ല് ഒടിഞ്ഞ് പോകുന്നതിനും സഹോദരന്റെ ചെവിക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കി. തുടര്‍ന്ന് കൊട്ടിയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഇയാള്‍ക്കായുള്ള തിരച്ചില്‍ നടത്തി വരുന്നതിനിടയില്‍ ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന്
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലൂടെയാണ് ഇയാള്‍ പിടിയിലായത്. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ 2021 മുതല്‍ രജിസ്റ്റര്‍ ചെയ്യ്ത അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കൊട്ടിയം പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്‌ഐ നിഥിന്‍ നളന്‍, സിപിഒമാരായ പ്രവീണ്‍ചന്ദ്, നൗഷാദ്, ശംഭു, എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
































