പുത്തൂര്‍ പൊരീക്കലില്‍ മദ്യലഹരിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായി യുവാവ് മരിച്ച സംഭവത്തില്‍, ഒളിവില്‍ പോയ പ്രതികളായ സഹോദരന്മാര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

Advertisement

കൊല്ലം പുത്തൂര്‍ പൊരീക്കലില്‍ മദ്യലഹരിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായി യുവാവ് മരിച്ച സംഭവത്തില്‍, ഒളിവില്‍ പോയ പ്രതികളായ സഹോദരന്മാര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ഇടവട്ടം ഗോകുലത്തില്‍ (കൈപ്പള്ളിയില്‍) ജി.ആര്‍.ഗോകുല്‍നാഥ് (35) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാറനാട് ജയന്തി ഉന്നതിയില്‍ അരുണ്‍ ഭവനില്‍ അരുണ്‍ (28), സഹോദരന്‍ അഖില്‍ (25) എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. ഇരുകൂട്ടരും സുഹൃത്തുക്കളാണ്. സംഭവദിവസം ഗോകുല്‍നാഥിന്റെ അനുജന്‍ രാഹുല്‍നാഥും അഖിലും ഒരുമിച്ചു മദ്യപിച്ചിരുന്നു. ഇതിനുശേഷം രാത്രി അഖില്‍, രാഹുലിനെ ബൈക്കില്‍ വീട്ടിലെത്തിച്ചു. ഈ സമയം ഗോകുല്‍നാഥ് വീട്ടിലുണ്ടായിരുന്നു. ഇയാളും മദ്യലഹരിയിലായിരുന്നു. അമിത മദ്യലഹരിയിലായിരുന്ന രാഹുലിനെ കണ്ട് പ്രകോപിതനായ ഗോകുല്‍നാഥ് എന്തിനാണ് അനുജനെ ഇത്രയേറെ കുടിപ്പിച്ചതെന്ന് ചോദിച്ച് അഖിലുമായി കയര്‍ക്കുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു.
മതിലിനു പുറത്തിറങ്ങിയ അഖില്‍ അസഭ്യവര്‍ഷം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്ത ശേഷം വീട്ടിലെത്തിയപ്പോള്‍ ജ്യേഷ്ഠന്‍ അരുണിനോടു വിവരങ്ങള്‍ പറഞ്ഞു. അരുണ്‍, ഗോകുലിനെ ഫോണിലൂടെ വെല്ലുവിളിച്ചു. ഇക്കാര്യം ചോദിക്കാനെത്തിയ ഗോകുലിനെ ഇരുവരും ചേര്‍ന്നു മര്‍ദിച്ചു. അവശനായ ഗോകുലിനെ അരുണും അഖിലും ചേര്‍ന്നു താങ്ങി സമീപത്തെ ഒരു വീട്ടിലെത്തിച്ചു. ഇവിടെ നിന്നു വെള്ളം വാങ്ങിക്കുടിച്ച ഗോകുല്‍ അകത്തെ മുറിയിലേക്കു കയറുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം പന്തിയല്ലെന്നു കണ്ട അരുണ്‍ ഓട്ടോറിക്ഷ വരുത്തി സമീപവാസിയായ യുവാവിനെയും കൂട്ടി ഗോകുലിനെ രാത്രി പന്ത്രണ്ടരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ഗോകുല്‍ മരിച്ചെന്നു സ്ഥിരീകരിച്ചതോടെ ഓട്ടോറിക്ഷക്കൂലി നല്‍കാനെന്ന വ്യാജേന ആശുപത്രിയില്‍ നിന്നു മടങ്ങിയ അരുണ്‍ പുല്ലാമലയിലിറങ്ങി അവിടെ കാത്തു നിന്ന അഖിലിന്റെ ബൈക്കില്‍ കടന്നു. ഇവര്‍ക്കായി ഊര്‍ജിത അന്വേഷണം നടത്തിവരികയാണെന്നു ഐഎസ്എച്ച്ഒ സി.ബാബുക്കുറുപ്പ് പറഞ്ഞു. പുത്തൂര്‍ പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളയാളാണ് അരുണ്‍ എന്നു പൊലീസ് പറഞ്ഞു. പരേതനായ രഘുനാഥന്‍ പിള്ളയുടെയും വല്‍സല കുമാരിയുടെയും മകനാണ് ഗോകുല്‍നാഥ്. സിനിമയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി.

Advertisement