കരുനാഗപ്പള്ളി . അറബി കടലോരത്തെ മണൽപ്പരപ്പിൽ തീർത്ത മണൽശിൽപ്പവും, ഭാവഗീതങ്ങളുടെ അവതരണവും പട്ടം പറത്തലും സാംസ്കാരിക പ്രഭാഷണവും ചേർന്ന ഗ്രാവിറ്റി കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടലോര സാംസ്കാരികോത്സവം ശ്രദ്ധേയമായി. “ആഴിയും തിരയും കാറ്റും ” എന്ന പേരിൽ വെള്ളനാതുതുരുത്ത് ബീച്ചിലെ ഡോ. വി വി വേലുക്കുട്ടി അരയൻ സ്മൃതികേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് യു ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷെർളി ശ്രീകുമാർ, ബി എ ബ്രിജിത്ത്, ബിജു തുടങ്ങിയവർ സംസാരിച്ചു.നജിം മണ്ണേൽ ആമുഖ പ്രഭാഷണം നടത്തി.പി ദീപു അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കേരളപുരം ശ്രീകുമാറിനെയും ആലപ്പാടിൻ്റെ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. കേരളപുരം ശ്രീകുമാറും സംഘവും അവതരിപ്പിച്ച സംഗീത നിശയും, ഫ്രീഡം ഗ്രന്ഥശാല പ്രവർത്തകർ ഒരുക്കിയ ചുക്കുകാപ്പിയും കപ്പയും മീനും പരിപാടിയെ വേറിട്ട അനുഭവമാക്കി മാറ്റി.
ള്ളനാതുരുത്ത് ഫ്രീഡം, പണ്ടാരത്തുരുത്ത് പ്രബോധിനി, പന്മന പ്രോഗ്രസീവ് എന്നീ ഗ്രന്ഥശാലകൾ സംയുക്തമായാണ് പരിപാടിയുടെ സംഘാടനം നിർവഹിച്ചത്.ഒ വി വിജയൻ്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി പ്രശസ്ത നാടക പ്രവർത്തകൻ ദീപൻ ശിവരാമൻ തയ്യാറാക്കിയ ‘ഖസാക്കിൻ്റെ ഇതിഹാസം’ എന്ന നാടകം ഡിസംബർ 27 മുതൽ 30 വരെ കരുനാഗപ്പള്ളിയിൽ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി ‘ബഹുസ്വരതയുടെ സാംസ്കാരികോത്സവം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് കടലോര സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്.






































