തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കൊല്ലം കൻ്റോൺമെൻ്റ് കോമ്പൗണ്ടിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വെയർ ഹൗസിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ജില്ലയിലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിൻ്റെ സുരക്ഷാക്രമീകരണങ്ങളാണ് വിലയിരുത്തിയത്. വെയർ ഹൗസിലെ വൈദ്യുതീകരണം, ഫയർ എസ്റ്റിംഗ്യുഷറിൻ്റെ പ്രവർത്തനക്ഷമത തുടങ്ങിയവ പരിശോധിച്ചു. മുൻ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച പേപ്പർ റോൾ, ബാറ്ററി പാക്ക് തുടങ്ങിയവ പരിശോധിച്ച് ഉപയോഗപ്രദമായവ സൂക്ഷിച്ചു വയ്ക്കാനും ഉപയോഗശൂന്യമായവ നീക്കം ചെയ്യാനും നിർദ്ദേശം നൽകി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വെയർഹൗസിലെ സിസിടിവി ദൃശ്യങ്ങളും നിരീക്ഷിച്ചു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ടി. അനീഷ്, പൊലീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
































