പരാതി നല്‍കിയിട്ടും നടപടിയില്ല: പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Advertisement

കൊല്ലം: മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് പശുവളര്‍ത്തുന്നതിനെതിരെ അഞ്ചുവര്‍ഷം പരാതി നല്‍കിയിട്ടും ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെന്ന പരാതിയില്‍ ശൂരനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും പരാതി പൂര്‍ണമായും പരിഹരിച്ച ശേഷം കമ്മീഷന്‍ സിറ്റിംഗില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത ഉത്തരവിട്ടു.
ന്യായമായ ഒരു പരാതി ഉന്നയിച്ചിട്ടും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരാതിക്കാരനെ അറിയിക്കാതെ സ്ഥലപരിശോധന നടത്തിയെന്ന് ആക്ഷേപമുണ്ട്. ശൂരനാട് ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പഞ്ചായത്ത് സെക്രട്ടറിയും പരാതിക്കാരന്റെയും എതിര്‍കക്ഷിയുടെയും സാന്നിധ്യത്തില്‍ വീണ്ടും സ്ഥലപരിശോധന നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സ്വീകരിച്ച നടപടികള്‍ കമ്മീഷനെ അറിയിക്കണം.
ശാസ്താംകോട്ട ആയിക്കുന്നം സ്വദേശി സുബൈര്‍കുട്ടി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ആവശ്യാനുസരണം സ്ഥലമുണ്ടായിട്ടും പരാതിക്കാരന്റെ കിടപ്പുമുറിയോട് ചേര്‍ന്ന് രണ്ടു പശുക്കളെ വളര്‍ത്താനാവുന്ന തൊഴുത്തില്‍ അഞ്ചു പശുക്കളെ വളര്‍ത്തുന്നുവെന്നാണ് പരാതി. പരാതിക്കാരന്റെ വീടിനോട് ചേര്‍ന്ന് പശുക്കളെ കെട്ടരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്.

Advertisement