കൊല്ലം: നിരപരാധിയായ യുവാവിനെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന പരാതി സത്യമാണെന്ന് ഐ.ജി.യുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം കണ്ടെത്തി. യുവാവിന്റെ അമ്മ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ അംഗം വി. ഗീതയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് മര്‍ദ്ദനം സ്ഥിരീകരിച്ചത്.
എന്നാല്‍ ഇതേ സംഭവത്തില്‍ ഇരയായ യുവാവ് കേരള ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി. കൊല്ലം വെള്ളിമണ്‍ ഇടവട്ടം സ്വദേശിനിയായ ഷഹുബാനത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകന്‍ മുഹ്‌സിനാണ് മര്‍ദ്ദനമേറ്റത്.
തന്റെ മകന്‍ ഒരു കേസിലും പ്രതിയല്ലെന്നും പോലീസ് വിട്ടയച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് മര്‍ദ്ദനമേറ്റതായി മനസിലാക്കിയതെന്നും പരാതിക്കാരി അറിയിച്ചു.
2022 ഒക്ടോബര്‍ 13 നാണ് സംഭവമുണ്ടായത്. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ വച്ചാണ് സിപിഒ പരാതിക്കാരിയുടെ മകനെ മര്‍ദ്ദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിന്റെ തോളിന് പരിക്കേറ്റു. പിന്നീട് കുറ്റാരോപിതനായ പോലീസുകാര്‍ കമ്മീഷന്‍ മുമ്പാകെ കുറ്റം നിഷേധിച്ചു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കമ്മീഷന്‍ അന്വേഷണവിഭാഗത്തെ ചുമതലപ്പെടുത്തി. മുഹ്‌സിന് മര്‍ദ്ദനമേറ്റതായി സാക്ഷിമൊഴിയും സിസിറ്റിവി ദൃശ്യങ്ങളുമുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ചവറ എസ്‌ഐയെ നിയോഗിച്ച സിപിഒക്കെതിരെ അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങള്‍ തെളിഞ്ഞില്ല. എന്നാലും അച്ചടക്കസേനയിലെ ഒരംഗത്തില്‍ നിന്നും ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്നത് പോലീസ് സേനക്ക് അനുചിതമായതിനാല്‍ താക്കീത് ശിക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരാതി കമ്മീഷന്‍ തീര്‍പ്പാക്കി.
































