അഞ്ചല്‍: അഞ്ചല്‍, കൊച്ചുകുരുവിക്കോണത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കരവാളൂര്‍ പൊയ്കമുക്ക് ഉണ്ണിക്കുന്ന് ലക്ഷ്മിവിലാസത്തില്‍ സംഗീത് സാം (22), ഉണ്ണിക്കുന്ന് ചരുവിള പുത്തന്‍വീട്ടില്‍ സരോഷ് (23) എന്നിവരാണ് മരിച്ചത്. അഞ്ചല്‍-പുനലൂര്‍ പാതയില്‍ കൊച്ചുകുരുവിക്കോണത്ത് ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
അഞ്ചല്‍-പുനലൂര്‍ റോഡില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും എതിര്‍ദിശയില്‍ നിന്നെത്തിയ കാറും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും സംഗീത് മരിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം സരോഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയില്‍ തുടരവേ ബുധനാഴ്ച ഉച്ചയോടെ സരോഷും മരിക്കുകയായിരുന്നു. സാംകുമാര്‍-സുജാത ദമ്പതികളുടെ മകനാണ് സംഗീത്. സഹോദരി: സംഗീത. സജിക്കുട്ടന്‍, സുമ എന്നിവരാണ് സരോഷിന്റെ മാതാപിതാക്കള്‍. ഭാര്യ: മഹേശ്വരി. മക്കള്‍: ദര്‍ശന്‍, ദിയ.സഹോദരങ്ങള്‍: ശരത്ത്, ശരണ്‍. അഞ്ചല്‍ പൊലീസ് കേസെടുത്തു.
































