ശ്രീമദ് മഹാശിവപുരാണയജ്ഞവും നവരാത്രി സംഗീതോത്സവവും: മൂന്നാം ദിവസത്തെ ചടങ്ങുകൾ ശ്രദ്ധേയമായി

Advertisement


പനപ്പെട്ടി: ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് മഹാശിവപുരാണയജ്ഞത്തിന്റെയും 31-ാമത് നവരാത്രി സംഗീതോത്സവത്തിന്റെയും മൂന്നാം ദിവസത്തെ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ശിവസഹസ്രനാമജപം, ഗ്രന്ഥപൂജ, ഗ്രന്ഥനമസ്കാരം എന്നിവയും നടന്നു.
രാവിലെ 7.30-ന് തുടങ്ങിയ ശ്രീമദ് മഹാശിവപുരാണ പാരായണം ഭക്തരെ ആത്മീയ നിർവൃതിയിലാഴ്ത്തി. ദേവസ്തുതി, പാർവതി ജനനം, ശിവഹിമവത്സ സംവാദം, താരകാസുര ദേവസാന്ത്വനം, കാമദഹനം, പാർവതി ജടില സംവാദം, അനരണ്യചരിതം, സപ്തർഷിവചനം, പാർവതി സ്വയംവരം എന്നിവയായിരുന്നു ഇന്നത്തെ പാരായണ വിഷയങ്ങൾ. ഇതിൽ പാർവതി ജനനത്തിനും പാർവതി സ്വയംവരത്തിനും പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. രാവിലെ 10.30-ന് രുദ്രാഭിഷേകവും ഉച്ചയ്ക്ക് 12.30-ന് ആചാര്യപ്രഭാഷണവും നടന്നു.
ഉച്ചയ്ക്ക് 12.30-ന് അന്നദാനവും നടന്നു. വൈകിട്ട് 5 മണിക്ക് പാരായണം തുടർന്നു. വൈകിട്ട് 6.25-ന് സ്വയംവര ഘോഷയാത്രയും ക്ഷേത്രത്തിൽ ദീപാരാധനയും നടന്നു. യജ്ഞമണ്ഡപത്തിൽ ഭജന, ദീപാരാധന, നാമദീപ പ്രദക്ഷിണം, പ്രഭാഷണം, മംഗളാരതി എന്നിവയോടെ ഇന്നത്തെ ചടങ്ങുകൾക്ക് സമാപനമായി.
നവരാത്രി സംഗീതോത്സവത്തിന് തുടക്കം
നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസം 31-ാമത് നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. വൈകിട്ട് 6.25-ന് നവരാത്രി മണ്ഡപത്തിൽ ഭദ്ര ദീപ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി മുഖ്യൻ ബ്രഹ്മ ശ്രീ കീഴ്ത്താമരശേരി മഠം രമേശ്‌ ഭാട്ടതിരി നിർവഹിച്ചു.
തുടർന്ന് പിന്നണി ഗായകനായ ശ്രീ. ജി. ശ്രീറാം നയിച്ച സംഗീത സദസ്സ് അരങ്ങേറി. വയലിനിൽ ശ്രീ. മാവേലിക്കര സതീഷ് ചന്ദ്രനും, മൃദംഗത്തിൽ ശ്രീ. തിരുവനന്തപുരം എ. ഹരിഹരനും, ഘടത്തിൽ ശ്രീ. പേരുകാവ് അഭിഷേകും അകമ്പടി സേവിച്ചു.
രാവിലെ 7.30-നും രാത്രി 10-നും അന്നദാനം ഉണ്ടായിരുന്നു. സംഗീത സദസ്സ് ശ്രീ. ഉണ്ണി കാഞ്ഞിരത്തുംമൂട്, ഇഞ്ചക്കാട് എന്നിവരും ക്ഷേത്രത്തിലെ പൂജകൾ ശ്രീ. അനിൽ പനപ്പെട്ടി, വലിയകൈപ്പള്ളിൽ എന്നിവരും യജ്ഞശാലയിലെ വായന പൂജ അർപ്പിത വിനോദ്, വലിയകൈപ്പള്ളിൽ പനപ്പെട്ടി എന്നിവരും സമർപ്പിച്ചു. രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമുള്ള അന്നദാനം യഥാക്രമം ശ്രീ. ബിജു ചുളുർ, പനപ്പെട്ടി, നയന, അജിത മന്ദിരം, പനപ്പെട്ടി, ശ്രീ. തൃദീപ്, ഗൗരീശം, പനപ്പെട്ടി എന്നിവർ സമർപ്പിച്ചു.

Advertisement