കൊട്ടാരക്കര: കോട്ടാത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം തേവര്‍ ചിറയില്‍ കുളിക്കാനിറങ്ങിയയാള്‍ മുങ്ങിമരിച്ചു. കോട്ടാത്തല കാര്‍ത്തിക ഭവനില്‍ ശിവാനന്ദന്‍ ആചാരി(60)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സമീപത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടന്നുവന്ന സപ്താഹ യജ്ഞം ഞായറാഴ്ചയാണ് സമാപിച്ചത്. കഴിഞ്ഞ ദിവസം ഇതിന്റെ വൃത്തിയാക്കല്‍ ജോലികള്‍ക്ക് ശേഷം ശിവാനന്ദന്‍ ആചാരിയും സുഹൃത്തുക്കളായ ഉണ്ണിയും അശോകനും തേവര്‍ചിറയുടെ കരയില്‍ ഉറങ്ങിയിരുന്നു. ഇതിന് ശേഷം ശിവാനന്ദന്‍ ആചാരി ചിറയില്‍ മുങ്ങിക്കുളിക്കുന്നതിനിടയിലാണ് നിലതെറ്റിയത്.
കൊട്ടാരക്കരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഇദ്ദേഹത്തെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ : ലീല. മക്കള്‍: കാര്‍ത്തിക, രേവതി.
































