കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) പ്രകാരം കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി നാടുകടത്തിയിരുന്ന കുറ്റവാളികള്‍ പിടിയില്‍. മങ്ങാട് ചാത്തിനാംകുളം വയലില്‍ പുത്തന്‍വീട്ടില്‍ ദീപക്ക് (24), കടപ്പാക്കട പാരിപ്പള്ളിയില്‍ പടിഞ്ഞാറ്റതില്‍വീട്ടില്‍ വിഷ്ണു (33) എന്നിവരാണ് പിടിയിലായത്. കിളികൊല്ലൂര്‍, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായാണ് കേസുള്ളത്.
സ്ഥിരമായി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയായതോടെ തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവരെ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് ഇവര്‍ വീണ്ടും ജില്ലയില്‍ പ്രവേശിച്ചു. തുടര്‍ന്ന് കാപ്പാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
































