കൊല്ലം: സ്ത്രീധനത്തെച്ചൊല്ലി ഗർഭിണിയായ യുവതിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരപീഡനം. ഡോക്ടറായ അക്ഷയയ്ക്കാണ് എട്ടുമാസം മാത്രം പ്രായമുള്ള ദാമ്പത്യത്തിൽ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. പട്ടാളക്കാരനായ ഭർത്താവ് അമ്മായിയമ്മയും മറ്റ് ബന്ധുക്കളുമാണ് പീഡനത്തിന് പിന്നിൽ.
കഴിഞ്ഞദിവസം അക്ഷയയുടെ അമ്മായിയമ്മ മകനോട് ‘ചവിട്ടിക്കലക്കടാ’ എന്ന് പറയുകയും, അതുകേട്ട് ഭർത്താവ് ഓടിവന്ന് അക്ഷയയുടെ വയറ്റിൽ ചവിട്ടിയതായും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കല്യാണം കഴിഞ്ഞ് എട്ടുമാസത്തിനിടെ പലപ്പോഴായി സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായെന്ന് അക്ഷയ പറയുന്നു. 11 ലക്ഷം രൂപയും 28 പവൻ സ്വർണവും വിവാഹസമയത്ത് നൽകിയിരുന്നു. എന്നാൽ, തങ്ങൾ ഇതല്ല പ്രതീക്ഷിച്ചത് കൂടുതൽ പണം വേണമെന്നും ഭർതൃവീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൂടുതൽ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ അക്ഷയയെ സ്ഥിരമായി ഉപദ്രവിക്കുകയാണ് പതിവ്.
വീടിനുമുന്നിലെ ചെടിയിൽനിന്ന് പൂ പറിച്ചു, മീൻകറി വെച്ചത് ശരിയായില്ല, ബെഡ്ഷീറ്റ് വിരിച്ചപ്പോൾ ചുളുങ്ങിപ്പോയി തുടങ്ങിയ നിസ്സാര കാരണങ്ങൾ പറഞ്ഞ് പോലും ക്രൂരമായി മർദ്ദിച്ചിരുന്നു.
കഴിഞ്ഞ ഓണത്തിന് മകളെ കാണാൻ വീട്ടിലെത്തിയ അക്ഷയയുടെ മാതാപിതാക്കൾ മകൾ അവശയായി കാണപ്പെടുകയും ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കാണുകയും ചെയ്തതോടെ ചോദ്യം ചെയ്തപ്പോഴാണ് ഭർതൃവീട്ടിൽ അനുഭവിക്കുന്ന ക്രൂരപീഡനങ്ങൾ അറിയുന്നത്. ഉടൻതന്നെ മാതാപിതാക്കൾ ഓച്ചിറ പോലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, അക്ഷയക്കെതിരെ ഭർതൃവീട്ടുകാരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അഴീക്കൽ സ്വദേശിയായ അക്ഷയയ്ക്ക് ഒരു സഹോദരൻ നീന്തലിനിടെ മുങ്ങിമരിച്ചിരുന്നു. ഇതോടെ മാതാപിതാക്കൾക്ക് ആകെയുണ്ടായിരുന്ന ഏക മകളാണ് അക്ഷയ. തങ്ങൾക്കുള്ളതെല്ലാം മകൾക്ക് നൽകാൻ തയ്യാറാണെന്ന് മാതാപിതാക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.
































