കരുനാഗപ്പള്ളി.കലയും സാഹിത്യവും ആണ് ദേശീയത വളർത്തുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ചതെന്നും അതിൽ നാടകത്തിനാണ് പ്രഥമ സ്ഥാനമെന്നും മുൻ മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടു. ക്ലാപ്പന പ്രിയദർശിനി കലാസാംസ്കാരിക വേദിയും ഗ്രന്ഥശാലയും സംഘടിപ്പിച്ച നാടക രാവ് 2025ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എസ്. എം.ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രാജ്യം ഭരിക്കുന്ന കക്ഷികൾക്ക് പോലും 50% ത്തിൽ അധികം ജനങ്ങളുടെ പിന്തുണ ആർജ്ജിക്കുവാൻ കഴിയുന്നില്ല എന്നും ഭൂരിപക്ഷ ജനങ്ങളെ ഭരിക്കുന്നത് ന്യൂനപക്ഷ ഗവൺമെന്റുകൾ ആണെന്നും അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ന്യൂനത. ഇത് തിരിച്ചറിയുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം അധികാരത്തിൽ വന്ന ഗവൺമെന്റിനു മാത്രമാണ് 48% ജനങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച നവാഗത നാടക രചയിതാവിനുള്ള സി.ആർ. മനോജ് പുരസ്കാരം ശ്രീകുമാർ മാ രത്തിനും,പ്രിയദർശിനി കാരുണ്യ സ്പർശം പുരസ്കാരം മെഹർ ഖാൻ ചേന്നല്ലൂരിനും ജി. സുധാകരൻ സമ്മാനിച്ചു. ഐ.എ.എസ് ഉൾപ്പെടെ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിജ്ഞാനജ്യോതി പുരസ്കാരം നൽകുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്.കല്ലേലി ഭാഗം, ഡോക്ടർ. പി. പദ്മകുമാർ, ബി. എസ്.വിനോദ് വരവിള ഹുസൈൻ, കെ.ആർ.വത്സൻ, എസ്. ഗിരിജ, ബി.ശ്രീകുമാർ, ജി. യതീഷ്,,പയ്യന്നൂർ മുരളി, ആന്റണി മാത്യു, സജീവ് ഓണം പള്ളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ആർ. മനുരാജ് ,ഷീജ, ബി. ശ്രീകുമാർഎന്നിവര്‍ സംസാരിച്ചു. എട്ടുമണി മുതൽ തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ നാടകവും അവതരിപ്പിച്ചു.






































