കടവൂരില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. കടവൂര്‍ ബൈപാസ് പള്ളിവേട്ട ചിറ ഭാഗത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. ശക്തികുളങ്ങര ആയിത്തറ തെക്കതില്‍ രാജേഷിന്റെ ഭാര്യ സജിത ആണ് മരിച്ചത്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ട്രെയിലര്‍ വാഹനം രാജേഷും സജിതയും സഞ്ചരിച്ച സ്‌കൂട്ടറിനെ മറി കടക്കുമ്പോഴായിരുന്നു അപകടം നടന്നത്. ട്രെയിലറിന്റെ ഒരുഭാഗം സ്‌കൂട്ടറില്‍ തട്ടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് സജിത ട്രെയിലറിനടിയിലേക്കും വീഴുകയായിരുന്നു. ട്രെയിലറിന്റെ പിന്‍ചക്രം തലയില്‍ കയറിയിറങ്ങി. പരിക്കുകളോടെ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശാസ്ത്രീയമായ റോഡുനിര്‍മ്മാണമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
































