കൊല്ലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവതിയെ കടന്നു പിടിച്ച് സർക്കാർ ഉദ്യോഗസ്ഥന്റെ അതിക്രമം… പോലീസുകാർക്ക് നേരെയും ആക്രമണം

Advertisement

വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവതിയെ കടന്നു പിടിച്ച് സർക്കാർ ഉദ്യോഗസ്ഥന്റെ അതിക്രമം. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് അറസ്റ്റിലായത്. കുണ്ടറ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30നു ഇളമ്പള്ളൂരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം.

സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തേക്കിറങ്ങിയ യുവതിയെ മദ്യ ലഹരിയിലായിരുന്ന സന്തോഷ് കടന്നു പിടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ ഇയാൾ അസഭ്യം പറഞ്ഞു. സംഭവം കണ്ടു നിന്നവർ ഇയാളെ തടഞ്ഞു നിർത്തി പൊലീസിനു കൈമാറുകയായിരുന്നു.
കസ്റ്റഡിയിൽ എടുത്ത ശേഷം വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ സന്തോഷ് പൊലീസുകാരേയും ആക്രമിച്ചു. കുണ്ടറ സ്റ്റേഷനിലെ സിപിഒ റിയാസിനു പരിക്കേറ്റു. മുഖത്തും കൈയ്ക്കും പരിക്കേറ്റ റിയാസ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊതുസ്ഥലത്ത് സ്ത്രീയോട് അതിക്രമം കാണിച്ചതിനു പൊലീസുകാരെ ആക്രമിച്ചതിനും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Advertisement