ചാത്തന്നൂർ: യുവാക്കളുടെ കിണറ്റിൽ വീണുള്ള മരണത്തിന്റെ വേദനയിലാണ് മണ്ണയം ഗ്രാമം. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കല്ലുവാതുക്കല്‍ വേളമാനൂരില്‍ കിണറ്റില്‍ വീണ് യുവാക്കള്‍ മരിച്ചത്. വേളമാനൂര്‍ തൊടിയില്‍ വീട്ടില്‍ വേണുവിന്റെ മകന്‍ വിഷ്ണു (23), മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ (25) എന്നിവരാണ് മരിച്ചത്. വീടിന്റെ മുറ്റത്തെ കിണറില്‍ നിന്നും വെള്ളം കോരുന്നതിനിടെ വിഷ്ണുവാണ് ആദ്യം കിണറ്റില്‍ വീണത്. കപ്പി പൊട്ടിയതായിരുന്നു അപകടകാരണം. വീട്ടുകാരുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയതായിരുന്നു ഹരിലാല്‍. സമീപത്തെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്കാരനാണ് ഹരിലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പം അപകട സ്ഥലത്ത് എത്തിയ ഹരിലാല്‍ കിണറിലേക്ക് ഇറങ്ങി വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരെയും വലിച്ചു കയറ്റുന്നതിനിടെ കയര്‍ പൊട്ടി വീണ്ടും താഴേയ്ക്ക് പതിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
































